നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു
മൂവാറ്റുപുഴ: തലച്ചോറില്‍ രൂപപ്പെട്ട മുഴ നീക്കം ചെയ്യുന്നതിന് നിര്‍ധനകുടുംബത്തിലെ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. പായിപ്ര തൃക്കളത്തൂര്‍ ഇറമ്പില്‍ ഇ.കെ. സുരേന്ദ്രന്‍ (49) ആണ് കനിവുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുന്നത്.
ശക്തമായ തലവേദനയെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയില്‍ മുഴ രൂപപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് അറിഞ്ഞതോടെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ താളം തെറ്റിയിരിക്കുകയാണ്.
പത്തുലക്ഷം രൂപ ചെലവില്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ സുരേന്ദ്രന് ജീവന്‍ നിലനിര്‍ത്താനാവൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുന്ന സുരേന്ദ്രന് ഇത്രയും വലിയ തുക ചെലവഴിച്ച് ശസ്ത്രക്രിയ നടത്താനാകാത്ത സ്ഥിതിയാണ്. തൃക്കളത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന് ദിവസവും മരുന്നു വാങ്ങുന്നതിനു ഭീമമായ തുക ആവശ്യമാണ്.
ഇതു കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ഇത്രയും വലിയ തുക മുടക്കി ഓപ്പറേഷന്‍ നടത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതോടെ നാട്ടുകാര്‍ സുരേന്ദ്രനായി ചികിത്സാ സഹായ നിധി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, വാര്‍ഡംഗം എം.സി വിനയന്‍, സുരേന്ദ്രന്റെ ഭാര്യ ശോഭ എന്നിവരുടെ പേരില്‍ എസ്.ബി.ടി പായിപ്ര ശാഖയില്‍ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ എസ്.ബി.ടി പായിപ്ര ശാഖ 67375201249. ഐ.എഫ്.എസ്.ഇ കോഡ്: എസ്.ബി.ടിആര്‍0000469.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."