കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി
പഞ്ചായത്ത്, കൃഷി, സഹകരണ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും
സഹകരണ ബാങ്കുകള്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ വായ്പകള്‍ നല്‍കാം
തൊടുപുഴ: കാര്‍ഷികോത്പ്പാദനം വര്‍ധിപ്പിക്കുന്നതിന് സഹകരണ വകുപ്പിന്റെ ബൃഹത് പദ്ധതി. കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കി സര്‍ക്കാര്‍ സബ്‌സിഡി കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായി പഞ്ചായത്ത്, കൃഷി, സഹകരണ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. കാര്‍ഷിക വായ്പകള്‍ മൊത്തം വായ്പാ തുകയുടെ 40 ശതമാനമായി ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും വിതരണ ചെയ്യുന്ന കാര്‍ഷിക വായ്പകള്‍ മൊത്തം വായ്പാതുകയുടെ 25 ശതമാനത്തില്‍ കുറയരുതെന്ന നിബന്ധന നിലവിലുണ്ട്. പലിശ ഏഴുശതമാനത്തില്‍ അധികരിക്കാനും പാടില്ല.
സംസ്ഥാനത്ത് ആഭ്യന്തര പച്ചക്കറി കൃഷി വര്‍ധിപ്പിക്കുന്നതിനും വിഷമുക്തമായ പച്ചക്കറി ഉത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി, വീട്ടുവളപ്പില്‍, മട്ടുപ്പാവില്‍ , തരിശുഭൂമിയില്‍ പച്ചക്കറി കൃഷി നടത്തുന്നതിനായി കര്‍ഷകര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ആവശ്യമായ കാര്‍ഷിക വായ്പകള്‍ വിതരണം ചെയ്യുന്നതിന് സഹകരണ ബാങ്കുകള്‍ പ്രത്യേകം നടപടി സ്വീകരിക്കണം.
നബാര്‍ഡ് പുനര്‍വായ്പ ലഭിച്ചില്ലെങ്കിലും സഹകരണ ബാങ്കുകള്‍ക്ക് സ്വന്തം ഫണ്ടില്‍ നിന്നും ഏഴ് ശതമാനം നിരക്കില്‍ ഇത്തരം വായ്പകള്‍ വിതരണം ചെയ്യാവുന്നതാണ്. ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം പലിശയിളവ് നേരിട്ട് ലഭിക്കും. ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതിന് സഹകരണ സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കാര്‍ഷിക വായ്പാ തോത് ഉയര്‍ത്തുന്നതിനായി കാര്‍ഷിക അനുബന്ധ വായ്പകള്‍ അംഗങ്ങള്‍ക്ക് അനുവദിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ ബാങ്കുകള്‍ വഴി ഹ്രസ്വകാല കാര്‍ഷികവിള വായ്പ നല്‍കുന്ന പദ്ധതി നിലവിലുണ്ട്. വായ്പാതുകയുടെ 35 ശതമാനം നബാര്‍ഡിന്റെ പുനര്‍വായ്പയായും ബാക്കിത്തുക സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ സ്വന്തം ഫണ്ടുപയോഗിച്ചുമാണ് നല്‍കുന്നത്. ഇത്തരം വായ്പകളുടെ പലിശ നിരക്ക് ഏഴുശതമാനമാണ്. ഈ വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്നു ശതമാനം പലിശയിളവ് നബാര്‍ഡ് മൂഖാന്തിരം നല്‍കുന്നുണ്ട്. കൂടാതെ ചെറുകിട നാമമാത്ര കര്‍ഷകരാണെങ്കില്‍ ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ പലിശയിളവും ലഭിക്കും. പച്ചക്കറി കൃഷി നടത്തുന്നതിനും വായ്പകള്‍ അനുവദനീയമാണ്. നെല്‍കൃഷിക്കായി വായ്പയെടുത്ത് കൃത്യമായി തിരിച്ചടയ്ക്കുകയാണെങ്കില്‍ മൊത്തം പലശ ബാധ്യത സര്‍ക്കാര്‍ വഹിക്കും.
പരാതി പരിഹാര സെല്‍ പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ: സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തനം തുടങ്ങി.
പരാതികളിന്മേല്‍ ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കേണ്ടതും നടപടികളുടെ വിവരങ്ങള്‍ അപേക്ഷകനേയും ഐ ടി സെക്ഷനിലെ പരാതി പരിഹാര സെല്ലിലും യഥാസമയം അറിയിക്കേണ്ടതുമാണെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. മന്ത്രിമാര്‍ എം.എല്‍. എ മാര്‍ എം. പി മാര്‍ എന്നിവരുടെ ഓഫീസുകളില്‍ നിന്നും അയച്ചുതരുന്ന പൊതുജനങ്ങളുടെ പരാതിയും അനുബന്ധ ഓഫീസുകള്‍ക്ക് ഉടനടി ലഭ്യമാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."