ആ കരിക്കുകള്‍ നമ്മുടേതല്ല !
വെഞ്ഞാറമൂട്: നിങ്ങള്‍ കഴക്കൂട്ടം ദേശീയ പാതയിലൂടെയോ എം.സി റോഡിലൂടെയോ യാത്ര ചെയ്യുകയാണെന്ന് കരുതുക. നട്ടുച്ചയാണ്. നല്ല ക്ഷീണവുമുണ്ട്. പക്ഷേ.. പാതയോരത്തെ ബേക്കറികളിലെ ചില്ലു പെട്ടിയിലിരിക്കുന്ന ശീതളപാനിയങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ തയാറല്ല. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ ബോധാവനാണ്. സര്‍ബത്തിനോടും ഫ്രഷ്ജ്യൂസിനോടും താല്‍പര്യമില്ല. വൃത്തി പ്രശ്‌നമാണ്. അപ്പോഴാണ് ഒരു ബോര്‍ഡ് കണ്ണില്‍പെടുന്നത്. 'നാടന്‍ കരിക്ക് ..!!' . നിങ്ങളെന്തു ചെയ്യും...? നമ്മുടെ സ്വന്തം കരിക്കല്ലേ.. വണ്ടി എപ്പോ ചവിട്ടിയെന്ന് ചോദിച്ചാ മതി..എന്നാണോ മറുപടി..? എങ്കില്‍ ഒരു നിമിഷം...!
തനിനാടനെന്ന പേരില്‍ കേരളത്തിലെ പാതയോരങ്ങളില്‍ വിറ്റഴിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള കരിക്കുകള്‍. തലസ്ഥാന ജില്ലയില്‍ കഴക്കൂട്ടം ദേശീയ പാതയിലും എം.സി റോഡിലും നാടന്‍ കരിക്കുകള്‍ എന്നു ബോര്‍ഡ് തൂക്കിയുള്ള ഇളനീര്‍ വില്‍പന പൊടിപൊടിക്കുകയാണ്. കീടനാശിനി പ്രയോഗമില്ലെന്ന വിശ്വാസത്തില്‍ നൂറുകണക്കിനു പേരാണ് കരിക്ക് കുടിക്കാനും കൊണ്ടുപോകാനുമായെത്തുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലെ തെങ്ങുകളില്‍ കീടനാശിനി കുത്തിവെച്ച് വിളയിച്ചെടുക്കുന്ന കരിക്കുകളാണ് ഇത്തരത്തില്‍ വിറ്റഴിക്കുന്നത്. തെങ്ങിന്‍തടിയില്‍ ഉഗ്രവിഷമുള്ള കീടനാശിനികള്‍ കുത്തിവെച്ചാണ് ഇവ വിളയിച്ചെടുക്കുന്നത്. ശേഷം ഇവ കേരളത്തിലെ വിവിധയിടങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.
നാഗര്‍കോവില്‍, തെങ്കാശി ഭാഗങ്ങളില്‍ നിന്നുമാണ് തലസ്ഥാന ജില്ലയിലേക്ക് കരിക്കുകള്‍ എത്തുന്നത്. എല്ലാ ദിവസവും രാവിലെ ഇവിടെ നിന്നും കരിക്കു വണ്ടികളെത്തും. പതിനഞ്ചു രൂപക്കാണ് വില്‍പനക്കാര്‍ ഇത് വാങ്ങുന്നത്. പിന്നീട് മുപ്പതും നാല്‍പതും രൂപ വിലയിട്ട് വിറ്റഴിക്കും.
ഒരു കരിക്ക് വില്‍ക്കുമ്പോള്‍ 15രൂപയോളം ലാഭം. ഇത്തരം കരിക്കുകള്‍ക്ക് വേണ്ടത്ര രുചിയില്ലെന്നു മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും പറയപ്പെടുന്നു. നാടന്‍ കരിക്കുകളെന്ന പേരില്‍ നടത്തുന്ന
തട്ടിപ്പിനെതിരേ പരിശോധനാ നടപടികളൊന്നും ഇതുവരെയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."