സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. യാക്കോബായ,ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളാണ് ഇത് സംബന്ധിച്ച് തര്‍ക്കം ആരംഭിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലാണ് നിലവില്‍ സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്തയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും. എന്നാല്‍ സ്‌കൂളിന്റെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണെന്നും ഓര്‍ത്തഡോക്‌സ് സഭ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്‌കൂള്‍ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നും ഇന്നലെ നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന യാക്കോബായ സഭ ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നെടുമ്പാശേരിയില്‍ ശ്രേഷ്ഠ ബാവായുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്‌കൂളിന്റെ സ്ഥാപകനായ വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായുടെ ചരമ സുവര്‍ണ്ണ ജൂബിലിയാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദമാണ് അവകാശത്തര്‍ക്കവും പ്രതിഷേധയോഗവും നടത്തുന്നതിന് ഇടയാക്കിയിട്ടുള്ളത്.യാക്കോബായ സഭ നെടുമ്പാശേരിയില്‍ വിപുലമായ അനുസ്മരണ ചടങ്ങുകള്‍ നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന നെടുമ്പാശേരി സ്‌കൂളില്‍ വച്ച് ചരമ ജൂബിലി ആഘോഷിക്കുവാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ പെട്ടെന്നുള്ള വിവാദത്തിന് വഴിവച്ചത്.
നെടുമ്പാശേരിയില്‍ ഇത്തരമൊരു ചടങ്ങ് ഓര്‍ത്തഡോക്‌സ് സഭ സംഘടിപ്പിക്കുന്നത് യാക്കോബായ സഭയോടുള്ള വെല്ലുവിളിയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സ്‌കൂളിന്റെ അവകാശത്തര്‍ക്കം സംബന്ധിച്ച നിയമ നടപടികള്‍ കോടതിയുടെയും റവന്യൂ അധികാരികളുടെയും പരിഗണനയിലാണ്. എങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാവിയും പവിത്രതയും അച്ചടക്കവും മുന്‍നിര്‍ത്തി ഇക്കാലമത്രയും സഭ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയിരിക്കുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യം ഓര്‍ത്തഡോക്‌സ് വിഭാഗം അടിച്ചേല്‍പ്പിച്ചിട്ടുള്ളതാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."