ശുചിമുറി: പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ കുട്ടമ്പുഴയിലെത്തി
കൊച്ചി: തുറസിടങ്ങളെ മലവിസര്‍ജന വിമുക്തമാക്കുന്നതിനുള്ള ഓപ്പണ്‍ഡെഫക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) ജില്ലാ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു. ഒ.ഡി.എഫ് പദ്ധതി നൂറു ശതമാനം കൈവരിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലയായതിനാല്‍ തടസങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനുമായാണ് കലക്ടര്‍, അവധി ദിനത്തില്‍ കുട്ടമ്പുഴയിലെത്തിയത്.
കുഞ്ചിപ്പാറ, വാരിയം എന്നീ ആദിവാസി കോളനികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കലക്ടര്‍ പ്രധാനമായും അവലോകനം ചെയ്തത്. കുഞ്ചിപ്പാറയില്‍ 88 ശുചിമുറികളും വാരിയത്ത് 65 ശുചിമുറികളുമാണ് നിര്‍മാണത്തിലിരിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണ്.
വനസംരക്ഷണ സമിതികളുടെ മേല്‍നോട്ടത്തില്‍ മികച്ച നിലവാരത്തിലാണ് ശുചിമുറികളുടെ നിര്‍മാണം. സിമന്റ് ഇഷ്ടികകള്‍ ഉപയോഗിച്ചാണ് ശുചിമുറികള്‍ കെട്ടി ഉയര്‍ത്തുന്നത്.റോഡ് സൗകര്യം പരിമിതമായതിനാല്‍ കല്ലും കുഴിയും നിറഞ്ഞ കാട്ടുവഴികളിലൂടെ നിര്‍മാണസാമഗ്രികള്‍ എത്തിക്കേണ്ടി വന്നതിനാലാണ് ശുചിമുറി നിര്‍മാണത്തില്‍ കാലതാമസമുണ്ടായതെന്ന് വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ വഴിയില്‍ കേടാകുന്നത് പതിവാണ്. വാഹനത്തകരാര്‍ പരിഹരിക്കാന്‍ മെക്കാനിക്കുകള്‍ എത്തുന്നതിനും സമയം വേണം. എങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സമിതി പ്രവര്‍ത്തകര്‍ കലക്ടറെ അറിയിച്ചു.
കോളനികളിലെ മറ്റ് പ്രശ്‌നങ്ങളും ആദിവാസികള്‍ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. കുടിവെള്ളം, വൈദ്യുതി, റോഡ്, ടെലഫോണ്‍, ചികിത്സ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പന്തപ്ര കോളനിയില്‍ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കുള്ള കൈവശാവകാശ രേഖകള്‍ ഉടനെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തലങ്ങളില്‍ പഠന, പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കലക്ടര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി ശുചിമുറി നിര്‍മാണത്തെ കുറിച്ച് ആദിവാസികള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു.
ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ് പ്രവര്‍ത്തകരാണ് കോളനികളിലെത്തി ക്ലാസുകള്‍ നയിച്ചത്. ശുചിമുറി നിര്‍മാണത്തിന് ശേഷം തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ ക്യാമ്പുകളും ക്ലാസുകളും നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മികവുറ്റ ജീവിതശൈലി പിന്തുടരുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കുട്ടമ്പുഴ ജനമൈത്രി പൊലിസ് തയാറാക്കിയ കൈപ്പുസ്തകവും അദ്ദേഹം വനസംരക്ഷണ സമിതികള്‍ക്ക് കൈമാറി. ജനപ്രതിനിധികള്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ടിമ്പിള്‍ മാഗി, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ് തുടങ്ങിയവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."