ഗ്ലാസ് മേല്‍ക്കൂരയുള്ള കോച്ചുകളുമായി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനായി അത്യാധുനിക ആഡംബര ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. നിലവിലുള്ള കോച്ചുകളില്‍ നിന്നും വിഭിന്നമായി ഗ്ലാസ് മേല്‍ക്കൂരയുള്ള കോച്ചുകളാണ് റെയില്‍വെ യാത്രക്കായി ഉപയോഗിക്കാന്‍ പോകുന്നത്. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇത്തരം കോച്ചുകള്‍ നിര്‍മിക്കുന്നതിന്റെ മുഖ്യലക്ഷ്യം. തദ്ദേശിയരും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗ്ലാസ് മേല്‍ക്കൂരയുള്ള കോച്ചുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സഹായകമാകുമെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. എം.കെ. മനോച്ച പറഞ്ഞു. അതേസമയം ഒരു കോച്ച് നിര്‍മിക്കാന്‍ ഏതാണ്ട് നാല് കോടി രൂപ ചെലവു വരും. ഗ്ലാസ് മേല്‍ക്കൂരയുള്ളതുകൊണ്ട് യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ക്ക് തടസമുണ്ടാകില്ല. അത്യാഢംബരമായി നിര്‍മിക്കുന്ന കോച്ചുകളില്‍ കറങ്ങുന്ന കസേരകളാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇത്തരം കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്. കോച്ചുകളുടെ രൂപരേഖ തയാറാക്കിയതും നിര്‍മിക്കുന്നതും ഐ.ആര്‍.സി.ടി.സി, റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍(ആര്‍.ഡി.എസ്.ഒ), പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐ.സി.എഫ്) എന്നിവര്‍ ചേര്‍ന്നാണ്. പെരമ്പൂരിലാണ് കോച്ചുകള്‍ നിര്‍മിക്കുന്നത്.
ആദ്യ കോച്ച് ഈ മാസം ഇറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.ആര്‍.സി.ടി.സി (ഇന്‍ഫ്രാസ്‌ട്രെക്ചര്‍) ജനറല്‍ മാനേജര്‍ ധംഗജ് പ്രസാദ് പറഞ്ഞു. ഡിസംബറിനുള്ളില്‍ മൂന്നുകോച്ചുകള്‍കൂടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ.
ഈ മാസം പുറത്തിറങ്ങുന്ന കോച്ച് കശ്മിര്‍ താഴ് വരയില്‍ ഓടുന്ന ട്രെിനിലായിരിക്കും ഘടിപ്പിക്കുക. സ്വിറ്റ്‌സര്‍ ലാന്റ് പോലുള്ള രാജ്യങ്ങളില്‍ നേരത്തെ തന്നെ ഗ്ലാസ് മേല്‍ക്കൂരയുള്ള കോച്ചുകള്‍ ട്രെയിന്‍ യാത്രക്കായി ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."