ഉപ്പള പെരിങ്കടി കടപ്പുറത്തെ മണല്‍കടത്ത്
ഡി.വൈ.എഫ്.ഐ മിനുട്‌സ് നവമാധ്യമങ്ങളില്‍
ബ്രാഞ്ചംഗത്തിനെതിരേ സി.പി.എം നടപടി
ഉപ്പള: പെരിങ്കടി കടപ്പുറത്തെ മണല്‍കടത്തുമായി ബന്ധപ്പെട്ട് പെരിങ്കടി സി.പി.എമ്മിലും ഡി.വൈ.എഫ്.ഐയിലും വിവാദം കൊഴുക്കുന്നു. വിവാദത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ മിനുട്‌സ് രേഖകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയതായി സൂചനയുണ്ട്. മണല്‍കടത്തു വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കള്‍ നവമാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുകയാണ്.
ഉപ്പള പെരങ്കടി കടപ്പുറത്തെ മണല്‍കടത്തുന്ന വിവരവും സി.പി.എം നേതാക്കള്‍ക്ക് ഇതില്‍ പങ്കുള്ളതായി വിവരം പ്രചരിപ്പിക്കാന്‍ കാരണക്കാരനായെന്ന് ആരോപിച്ചാണ് സി.പി.എം പെരിങ്കടി ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സുബൈര്‍ കുക്കാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സൂചനയുള്ളത്.
സുബൈര്‍ കുക്കാറിന്റെ പുറത്താക്കല്‍ നടപടിയെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പാര്‍ട്ടി നേതൃത്വവും രണ്ടു തട്ടിലായാണ് സോഷ്യല്‍ മീഡിയകളില്‍ പരസ്പരം പോരടിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് കമ്മിറ്റിയുടെ മിനുട്ട്‌സ് രേഖകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഉപ്പള ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ സി.പി.എം പാറക്കട്ട ബ്രാഞ്ച് കമ്മിറ്റി അംഗം ആണ് സോഷ്യല്‍ മീഡിയകളിലൂടെ മിനുട്ട്‌സ് രേഖകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇയാള്‍ക്ക് ഡി.വൈ.എഫ്.ഐ അംഗത്വം ഇല്ലെന്നു നേതാക്കള്‍ അറിയിച്ചു. പ്രവര്‍ത്തകരുടെ പരിധിവിട്ട നടപടി മൂലം സി.പി.എം ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പരസ്പരം ആരോപണം നടത്തുന്നത് നിര്‍ത്താന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സി.പി.എം നേതാക്കള്‍ക്കെതിരേ മണല്‍ കടത്തു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം ജില്ലാ കമ്മിറ്റി അന്വേഷിക്കും. അതിനിടെ ഡി.വൈ.എഫ്.ഐയുടെ മുതിര്‍ന്ന നേതാവ് വാട്‌സ് ആപ്പില്‍ ഇതേവിഷയത്തില്‍ ശബ്ദരേഖ പോസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്.
മണല്‍കടത്തുമായി സി.പി.എം നേതാക്കള്‍ക്ക് ബന്ധമില്ലെന്നാണ് ഇപ്പോഴും പാര്‍ട്ടി വ്യക്തമാക്കുന്നത്. എന്നാല്‍ ചിലര്‍ക്കെതിരേ നടപടിയും നവമാധ്യമങ്ങളിലെ ചര്‍ച്ചയും അണികളില്‍ വ്യാപക ചര്‍ച്ചയായത് സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കമ്മറ്റി ഇടപെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം പാര്‍ട്ടി അണികളും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."