നീലേശ്വരം തീരദേശത്ത് കഞ്ചാവു വില്പന വ്യാപകം
നീലേശ്വരം: നഗരസഭയിലെ തീരദേശ മേഖലകളില്‍ കഞ്ചാവു വില്പന വ്യാപകം. തൈക്കടപ്പുറം, സീ റോഡ്, ബോട്ട് ജെട്ടി, അഴിത്തല തുടങ്ങിയ പ്രദേശങ്ങള്‍ കഞ്ചാവു മാഫിയയുടെ പിടിയിലാണ്. വാഹനങ്ങളിലെത്തിക്കുന്ന മദ്യവും മയക്കുമരുന്നും ആവശ്യക്കാര്‍ക്കു വിതരണം ചെയ്യുകയാണു പതിവ്. രാത്രികാലങ്ങളിലാണു പ്രധാനമായും ഇവരിറങ്ങുന്നത്. അതിനാല്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. നിരവധി തവണ പൊലിസിലറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. മുന്‍പും ഇത്തരത്തില്‍ ശല്യം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ തന്നെ വില്പനക്കാരെ പിടികൂടി പൊലിസിലേല്പ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ പ്രദേശത്തു വില്പനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്നു എസ്.ഐ പി നാരായണന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കഞ്ചാവു വില്പന തടയാനായി പ്രദേശത്തു ജാഗ്രതാസമിതി രൂപീകരിക്കാന്‍ തീരുമാനവുമായി. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും ജാഗ്രതാസമിതി രൂപീകരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ വീണ്ടും കഞ്ചാവു വില്പനക്കാര് തലപൊക്കിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിയമപാലകരും വില്പനക്കാരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."