കടുത്തുരുത്തിയില്‍ പൊലിസ് പിടിയിലായ മോഷണക്കേസ് പ്രതിയെ റിമാന്റു ചെയ്തു
കടുത്തുരുത്തി: മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വില്പന തുടങ്ങിയ സ്ഥിരം കേസുകളിലെ പ്രതി കഴിഞ്ഞ ദിവസം കടുത്തുരുത്തി പൊലിസ് അറസ്റ്റു ചെയ്ത വിഷ്ണു പ്രശാന്തിനെ (25) വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. തിങ്കളാഴ്ച രാത്രി 10.30 ന് കാര്‍ യാത്രക്കാരെ തടഞ്ഞ് പണം അപഹരിക്കാന്‍ ശ്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസിലാണ് വിഷ്ണു പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ മോഷണത്തിനായി ഉപയോഗിച്ചിരിന്ന ബൈക്ക് സെപ്തംബര്‍ 29-ാം തീയതി പാല അമനകരയില്‍ നിന്നും കൊളാക്കാട്ടോണിക്കല്‍ ബിബിന്റെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതായിരുന്നു. ഈ ബൈക്കില്‍ വ്യാജനമ്പര്‍ ഒട്ടിച്ചാണ് പിടിച്ചുപറി നടത്തിയത്. ഒക്‌ടോബര്‍ 10 ന് വൈകിട്ട് 5.45 ഓടെ അമനകരയില്‍ നിന്നു നിരപ്പേല്‍ക്കരയിലേക്ക് നടന്ന് പോകുകയായിരുന്ന അമനകര കളപുരയ്ക്കല്‍ ദിവാകരന്റെ (63) കൈയ്യിലിരുന്ന ബാഗ് തട്ടിപ്പറിക്കുകയും ബാഗിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും ചെയ്തിരുന്നു.
ബാഗിലുണ്ടായിരുന്ന രൂപയും മൊബൈല്‍ ഫോണും എടുത്തതിന് ശേഷം തിരിച്ചുവന്ന് ഉടമസ്ഥന്റെ മുഖത്തേക്ക് കാലിയായ ബാഗ് വലിച്ചെറിഞ്ഞു. 2014 ല്‍ സുഹൃത്തിന്റെ കാറ് മോഷ്ടിച്ച് വിറ്റകേസിലും 2012 ലെ പിടിച്ചുപറിക്കേസിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന പ്രതിയെ വിചാരണയ്ക്കായി പാല മജിസ്‌ട്രേറ്റ് കോടതിയില്‍ സെപ്റ്റംബര്‍ 22 ന് ഹാജരാക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് തടവ് ശിഷ വിധിച്ച പ്രതിയെ തിരികെ ജയിയിലേക്ക് കൊണ്ടുപോകുന്ന വഴി തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് കടന്നുകളയുകയായിരുന്നു.
പ്രതിയെ വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റു ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. റിപ്പോര്‍ട്ട് ചെയ്യാതെ കിടക്കുന്ന പല കേസുകളുടെ വിവരം ശേഖരിക്കുന്നതിന് വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാറും, എസ്.ഐ ജെ രാജീവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."