വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ: രക്ഷിതാക്കള്‍ ആശങ്കയില്‍
പേരാമ്പ്ര: ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു. പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളെ കഞ്ചാവടക്കമുള്ള ലഹരി മാഫിയ വലയിലാക്കുന്നതായാണ് പരാതി. വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന വലിയൊരു സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകര്‍ പരാതിപ്പെട്ടു.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡിനു പുറകിലെ കള്ളുഷാപ്പിനു സമീപത്തുനിന്ന് കഞ്ചാവിന്റെ ചെറിയ പൊതികളുമായി നാല് പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പേരാമ്പ്ര പൊലിസിലേല്പ്പിച്ചിരുന്നു. ആരാണിവര്‍ക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്നതെന്ന അന്വേഷണത്തിലാണ് പൊലിസ്. പേരാമ്പ്ര ട്രഷറി പരിസരത്തും മാര്‍ക്കറ്റ് പരിസരത്തും നിരോധിത പാന്‍ മസാലകളടക്കം ലഹരി വസ്തുക്കളുടെ വില്പന തകൃതിയാണ്. പല കടകളിലും ഇത്തരം വസ്തുക്കള്‍ പത്തിരട്ടി വിലക്കാണ് വില്പന നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍.
കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് കിലോയോളം കഞ്ചാവ് പിടിച്ചത് ഈ ഒരു ശൃംഖലയുടെ ആഴം എത്രത്തോളമുള്ളതാണെന്ന് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ അധികൃതരും ജാഗരൂകരായിരിക്കണമെന്ന് പൊലിസ്, എക്സൈസ് അധികാരികള്‍ മുന്നറയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."