ഹര്‍ത്താലിനെ സേവനദിനമാക്കി സംഘടനകളും യുവാക്കളും
കയ്പമംഗലം: ഹര്‍ത്താല്‍ ദിനമായ ഇന്നലെ തകര്‍ന്നു കിടക്കുന്ന റോഡിലെ കുഴികളടച്ച് യുവാക്കള്‍ മാതൃകയായി. കഴിഞ്ഞ ആറു വര്‍ഷമായി അധികൃതരുടെ അനാസ്ഥ മൂലം ശോചനീയാവസ്ഥയിലായി കിടക്കുന്ന മൂന്നുപീടിക ബീച്ചിലെ റോഡിലേയും ഇരിങ്ങാലക്കുട റോഡിലേയും കുഴികളടച്ചാണ് മൂന്നുപീടിക സ്റ്റാലിയന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കള്‍ മാതൃക കാട്ടിയത്. കഴിഞ്ഞ നാലു വര്‍ഷമായി ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി റോഡിലെ കുഴികളടക്കുന്ന പ്രവൃത്തിയില്‍ വളരെ സജീവമാണ് സ്റ്റാലിയന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍. ബീച്ച് റോഡില്‍ നിന്നും ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ നിന്നും ദേശീയപാതയിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്തെ ഗര്‍ത്തങ്ങളാണ് യുവാക്കള്‍ പ്രധാമായും അടച്ചത്. സ്വകാര്യ ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ ദിനം പ്രതി സഞ്ചരിക്കുന്ന മൂന്നുപീടിക ബീച്ച്‌റോഡിന്റെയും ഇരിങ്ങാലക്കുട- പോട്ട സംസ്ഥാന പാതയുടേയും തുടരെയുള്ള തകര്‍ച്ച വലിയ പ്രതിഷധത്തിന് ഇടവെച്ചിരുന്നു. ബീച്ച് റോഡിന്റെ ശോചനീയവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും ഓട്ടോ തൊഴിലാളികളും രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് മൂന്നുപീടിക ബീച്ച് റോഡ് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പുനരുദ്ധാരണം നടത്തിയിരുന്നു. എന്നാല്‍ പുനര്‍ നിര്‍മ്മാണം നടത്തി മാസങ്ങള്‍ തികയും മുന്‍പ് റോഡിന്റെ വിവിധ ഭാഗങ്ങള്‍ പൊട്ടിപ്പൊളിയുയായിരുന്നു. ഇരു റോഡുകളുടേയും ശോചനീയാവസ്ഥക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും സ്റ്റാലിയന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. നിയാസ്, എം.എ.നാസര്‍, വാര്‍ഡ് മെമ്പര്‍ സുധീഷ്, സി.എസ്.അനു എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകളിലെ കുഴികളെല്ലാം കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."