നിളയുടെ ദുരന്തകാഴ്ച്ചയുമായി സിനിമയൊരുങ്ങുന്നു
ആനക്കര: നിളാതീരത്ത് ദേശവാസികള്‍ അവര്‍ കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ പുഴയുടെ കഥക്ക് സിനിമ വരുന്നു. പുഴ എന്നത് കേവലം ഒരു നീരൊഴുക്കല്ല അതൊരു സംസ്‌കാരം തന്നെയാണ് എന്ന് പരിചയപ്പെടുത്തിയാണ് സിനിമ ആരംഭിക്കുന്നത്. മാഞ്ഞുപോകുന്ന ഒരു സംസ്‌കാരത്തെ തിരിച്ചു പിടിക്കുക എന്ന ഒരു സാംസ്‌കാരിക ദൗത്യം കൂടിയാവുകയാണ് നിളാതീരത്ത് വസിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കിയ സിനിമ. പുഴ തഴുകി ഒഴുകുന്ന തീരത്ത് വസിക്കുന്നവര്‍, അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന പുഴ, അതിന്റെ സമൃദ്ധിയുടെ കാലം, വരള്‍ച്ചയുടെ കാലം എന്നുതുടങ്ങി പുഴയുടെ സമസ്തഭാവങ്ങളെയും സിനിമ ദൃശ്യവല്‍ക്കരിക്കുന്നു.
പുഴുവും പൂമ്പാറ്റയും കിളിയും തുടങ്ങി പുഴയുടെ ആവാസ വ്യവസ്ഥ തന്നെ സൂക്ഷ്മമായി പകര്‍ത്തി കഥാപാത്രങ്ങള്‍ക്കുമപ്പുറം പുഴയുടെ ഭാവങ്ങള്‍ക്കാണ് കാഴ്ചകളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. പുഴയെ സ്‌നേഹിച്ച് ജീവിക്കുന്നവരുടെ കഥയാണ് ഇത്. പുഴ നശിക്കുമ്പോള്‍, പുഴ വരളുമ്പോള്‍, കാടുകയറുമ്പോള്‍ അവരും ആ വേദനയുടെ ഒരുഭാഗമായി മാറുന്നു. പ്രതികരണ ശേഷി നശിച്ച ഒരു കാലത്തിനു മുന്നില്‍ ആര്‍ജ്ജവത്തോടെ ചില ചോദ്യങ്ങള്‍ നാട്ടിവെക്കുന്നുണ്ട് ഈ സിനിമ. കേവലം നിളയുടെ കഥ മാത്രമാക്കി ഇതിനെ ചുരുക്കാതെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന എല്ലാ പുഴയുടെയും കൂടി കഥയായി മാറുന്നുണ്ട് ഓരോ പുഴയും പറയുന്നത് എന്ന സിനിമയുടെ പ്രമേയം. സുഹൃത്തുക്കളായ നാടകപ്രവര്‍ത്തകര്‍, മറ്റു കലാകാരന്മാര്‍, സഹൃദയരായ നാട്ടുകാര്‍ തുടങ്ങിയവര്‍ ഒന്നിച്ച് ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. തൃത്താലപ്പെരുമയിലൂടെയായിരുന്നു മുഖ്യമായും സിനിമക്കുള്ള പണം കണ്ടെത്തിയിരുന്നത്. അതോടൊപ്പം നാട്ടുകാരും കൂട്ടുകാരും കൂടി ചേര്‍ന്ന് ഈ നാടിന്റെ സിനിമക്ക് കരുത്തുപകരുകയായിരുന്നു. ഷബീര്‍ തുറക്കല്‍, സജി, അഭിലാഷ്, അഭിത്ത്, നാഫി, ലാല്‍ കക്കാട്ടിരി എന്നിവരാണ് മുഖ്യമായും ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അലിഫ് ഷാ, ലത്തീഫ് കുറ്റിപ്പുറം അബു വളയംകുളം തുടങ്ങിയവര്‍ക്കൊപ്പം ചെറിയവേഷങ്ങളില്‍ മുഖം കാണിക്കുന്ന കഥാപാത്രങ്ങള്‍ വരെ പുഴയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍. സംഗീതം ചെയ്തിരിക്കുന്നത് പ്രസാദ് പൊന്നാനിയും സാന്ദീപന്‍ കൂറ്റനാടും സംവിധാനം അലിഫ് ഷായും. ആദ്യ പ്രദര്‍ശനം വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 23 ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."