മട്ടന്നൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു മങ്ങല്‍
മട്ടന്നൂര്‍: വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ രാജി തിരിച്ചടിയായത് മട്ടന്നൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക്. വരുന്ന ഏപ്രിലില്‍ ചിറകുവിരിച്ചു പറക്കാനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ നിരവധി സ്വപ്‌നപദ്ധതികള്‍ പൂര്‍ത്തീകരണം തേടുകയാണ്. മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നു സംസ്ഥാനത്തെ രണ്ടാമത്തെ കൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഇ.പി ഇക്കുറി വിജയിച്ചത്. പ്രതീക്ഷിച്ചതുപോലെ മന്ത്രിയാവുകയും ചെയ്തു. വ്യവസായ വകുപ്പിന്റെ ചുമതല ലഭിച്ചതോടെ മട്ടന്നൂരിന് നിരവധി പദ്ധതികളാണ് ഇ.പി പ്രഖ്യാപിച്ചത്. കണ്ണൂര്‍ വിമാനത്താവള പൂര്‍ത്തീകരണത്തിനായുള്ള ചുമതല വ്യവസായ മന്ത്രിക്കാണ്. റണ്‍വേക്കായി കൂടുതല്‍ സ്ഥലമേറ്റെടുക്കല്‍, അനുബന്ധ റോഡ് നിര്‍മാണം തുടങ്ങി ഒട്ടേറെ പ്രവൃത്തികള്‍ ഇനിയും ബാക്കിയുണ്ട്. ഇതുകൂടാതെ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, മിനി സിവില്‍ സ്റ്റേഷന്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ടൗണ്‍ സ്‌ക്വയര്‍ തുടങ്ങിയ പ്രവൃത്തികളുമുണ്ട്. ഇതില്‍ ടൗണ്‍ സ്‌കയറിന്റെ പ്രവൃത്തി മാത്രമാണ് ആരംഭിച്ചത്. അടുത്ത വര്‍ഷം പകുതിയോടെ ഉദ്ഘാടനത്തിനായി ഉദ്ദേശിക്കുമ്പോഴാണ് ഇ.പിയുടെ അപ്രതീക്ഷിത രാജി. ഇ.പി മന്ത്രിസ്ഥാനത്തു നിന്നു രാജിസന്നദ്ധത അറിയിച്ചപ്പോഴും രാജിവയ്ക്കുകയില്ലെന്നായിരുന്നു മന്ത്രിയുമായി അടുത്ത ആളുകള്‍ പോലും പ്രതീക്ഷിച്ചത്.
എന്നാല്‍ പാര്‍ട്ടി നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കുന്നവരുമുണ്ട്. മന്ത്രി സ്ഥാനം ഇ.പി ജയരാജന്‍ രാജിവച്ചതോടുകൂടി ഇനിയെങ്കിലും എം.എല്‍.എ മണ്ഡലത്തില്‍ ഉണ്ടാകുമല്ലോയെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. വിവാദത്തില്‍ കുരുങ്ങിയതോടെ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും എം.എല്‍.എയെകുറിച്ചുള്ള പരിഹാസവും നിറഞ്ഞുനിന്നു.
ഇതിനെ പ്രതിരോധിച്ച് സി.പി.എം പ്രവര്‍ത്തകരും നവ മാധ്യമങ്ങളില്‍ രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. മന്ത്രിയുടെ രാജിക്ക് ശേഷവും സി.പിഎം അനുകൂല ഗ്രൂപ്പുകളില്‍ ജയരാജന് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയരാജന്റെ രാജി പാര്‍ട്ടിക്ക് അഭിമാനമെന്നും മാതൃകയെന്നും പ്രതികരിച്ചവരുമുണ്ട്. മട്ടന്നൂരിന് അഭിമാനിക്കാന്‍ മന്ത്രിമാര്‍ ഇതുവരെ രണ്ടുപേരുണ്ടായിരുന്നു. ഇ.പിയുടെ രാജിയോടെ ഇതു കെ.കെ ശൈലജയിലൊതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."