പൊലിസിലെ അഴിമതി വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
പേരൂര്‍ക്കട: പൊലിസ് സേനയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നാംമുറ പോലെ തന്നെ ഒഴിവാക്കേണ്ടതാണ് അഴിമതി. വേലി തന്നെ വിളവ് തിന്നുന്ന നടപടി അംഗീകരിക്കില്ല. കാര്യക്ഷമതയുള്ള പൊലിസ് സംവിധാനമാണ് കേരളത്തിലേത്. ഇതിനെ തുരങ്കം വയ്ക്കുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നായാലും നടപടിയെടുക്കും. ചില പൊലിസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഇതൊക്കെ കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കും. കൊളോണിയല്‍ കാലത്തെ മര്‍ദനമുറകള്‍ പിന്തുടരാന്‍ അനുവദിക്കില്ല.സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏതു സമയവും
പൊലിസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ പറയാനുള്ള സൗകര്യമുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കപ്പെടണം. പൊലിസിന്റെ ആള്‍ശേഷി വര്‍ധിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ട നടപടികള്‍ ഉടനുണ്ടാകും.
കൂടുതല്‍ വനിതകളെ പൊലിസിന്റെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സുരക്ഷയ്ക്കായാണ് പൊലിസ് എന്ന ബോധം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 247 പൊലിസ് ട്രെയിനികളുടെ പാസ്സിങ്ങ് ഔട്ട് പരേഡാണ് നടന്നത്. അടൂരില്‍ നിന്നുള്ള കെ.എ.പി ബറ്റാലിയന്‍ 3ല്‍ നിന്നുള്ള 34 പേരും കുട്ടിക്കാനം കെ.എ.പി 5ല്‍ നിന്നുള്ള 158 പേരും പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ നിന്നുമുള്ള 55 ട്രെയിനികളുമാണ് പരേഡില്‍ പങ്കെടുത്തത്.
എസ്.എ.പി ക്യാംപ് കമാന്‍ഡന്റ് അബ്ദുല്‍ റസാഖ്, കെ.എ.പി 3 കമാന്‍ഡന്റ് റോബര്‍ട്ട്, കെ.എ.പി 5 കമാന്‍ഡന്റ് വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടന്നത്. ട്രെയിനുകളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."