ഭീകരരുടെ ബന്ധുക്കള്‍
ഇനി അവിടെ നിന്നാല്‍ എനിക്കെന്റെ ദീന്‍ നഷ്ടമാകും- എന്‍ജിനീയറിങ് കോളജില്‍നിന്നു പഠനം നിര്‍ത്തി തീവ്ര ആത്മീയതയിലേക്കു തിരിഞ്ഞ ഒരു ചെറുപ്പക്കാരന്‍ സുഹൃത്തിനോട് പറഞ്ഞ വാചകങ്ങളാണിത്. കേരളത്തിലെ നിരവധി ചെറുപ്പക്കാരാണ് പാതിവഴിയില്‍ പഠനം നിര്‍ത്തി കുടുംബത്തെ കണ്ണീരിലാഴ്ത്തി ദീന്‍ സംരക്ഷിക്കാനെന്ന പേരില്‍, ഇരുണ്ട ഗുഹകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്.
ഹിജ്‌റ പോകാന്‍ കഴിയാതെ പുറംലോകവുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ച് ജീവിക്കുന്നവരും നിരവധി. കാറ്റും വെളിച്ചവും കടക്കാതെ ജീവിച്ചാല്‍ ഉടലോടെ സ്വര്‍ഗത്തിലേക്കു പോകാം എന്ന് ആരോ ഇവരെ പറഞ്ഞു പറ്റിച്ചിരിക്കുന്നു. ഒന്നും ശരിയല്ലെന്ന നെഗറ്റീവ് തരംഗങ്ങള്‍ മാത്രമായി അസ്വസ്ഥ ജീവിതം നയിക്കുന്ന ഇവരുടെ മസ്തിഷ്‌കങ്ങള്‍ ആര്‍ക്കും വിലക്കു വാങ്ങാം എന്നായിരിക്കുന്നു. കേരളവും നാം വിചാരിച്ചത്ര വെജിറ്റേറിയനല്ലെന്നാണ് സമീപകാല ഐ.എസ് വേട്ട ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഭീകരതയുടെ ഇരകള്‍
പിടിക്കപ്പെട്ടവരുടെ വീട്ടുകാര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം വിവരണാതീതമാണ്. അവര്‍ ഇനി മേല്‍ ഭീകരന്റെ ഉപ്പയാണ്. ഭീകരന്റെ ഉമ്മയും പെങ്ങളും സഹോദരനുമാണ്. സ്വന്തം മക്കള്‍ ചെയ്ത അവിവേകത്തിനു സമൂഹത്തില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയാണ് ഈ കുടുംബങ്ങള്‍ക്ക് സംഭവിക്കാറുള്ളത്. ഒരു വശത്ത് ഇത്തരം സംഭവങ്ങളെ മുതലെടുക്കുന്ന ഫാസിസത്തിന്റെ ഭീഷണി. മറുവശത്ത് ഇരവാദത്തിന്റെ നിലവിളി. ഇതു രണ്ടും രോഗത്തിനുള്ള മരുന്നല്ല. പകരം, ഭീകരതയുടെ വളമാണ്. തങ്ങളുടെ മക്കള്‍ പിടിക്കപ്പെട്ടത് എന്തിന് എന്നുപോലും അറിയാത്ത മാതാപിതാക്കളാണ് പലരും. ഒരുപക്ഷേ, ഐ.എസ് എന്ന് കേട്ടിട്ടുപോലുമില്ലാത്ത നിഷ്‌കളങ്കര്‍.
അമിത മൊബൈല്‍ ഉപയോഗത്തിലേക്കും ആത്മീയ മനോരോഗത്തിലേക്കും തിരിയുന്ന കുട്ടികളെ വീട്ടുകാര്‍ ശ്രദ്ധിക്കണം. ചാനലുകളുടെയും പത്രക്കാരുടെയും പൊലിസുകാരുടെയും കുറ്റവിചാരണക്കു മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ട മാതാപിതാക്കളായി മാറാതിരിക്കണമെങ്കില്‍ മക്കളെ ശ്രദ്ധിക്കുക തന്നെ വേണം. പ്രത്യേകിച്ചും മുതിര്‍ന്ന മക്കളെ. അവിവാഹിതരെ മാത്രമല്ല, വിവാഹിതരെയും. അപരിചിത രീതിയിലുള്ള പഠന ക്ലാസുകളില്‍ അവര്‍ പങ്കെടുക്കുന്നത് വിലക്കണം. അല്ലെങ്കില്‍ അവരുടെ ജീവിതം മാത്രമല്ല, നിങ്ങളുടെ ജീവിതവും മറ്റൊന്നായി മാറും.
കലിബാധിത കൗമാരം
കലിബാധിതനായ നളന്‍ എന്നത് ഒരു പുരാണ കല്‍പനയാണ്. നളന്റെ ശരീരത്തിലേക്കു കയറാന്‍ തക്കം പാര്‍ത്തു നടക്കുകയായിരുന്നു ഈ പിശാച്. വെടിപ്പോടെയും ശുദ്ധിയോടെയും ശരീരം കാത്തു സൂക്ഷിച്ചതിനാല്‍ അതിനു സാധിച്ചില്ല. ഒരിക്കല്‍ കുളി കഴിഞ്ഞ നളന്‍ കാല്‍മടമ്പിലെ അഴുക്ക് തേച്ചുകഴുകാന്‍ മറന്നുപോയി. കിട്ടിയ അവസരം മുതലെടുത്ത് കലി കാല്‍മടമ്പിലൂടെ കയറിക്കൂടി. അതോടെ നളന്‍ മറ്റൊരാളായി. പൂര്‍വകാലത്തെ സകല കാര്യങ്ങളും മറന്നു. അലസനായി. പ്രിയ പത്‌നി ദമയന്തിയെ കാട്ടില്‍ ഉപേക്ഷിച്ചു. ചൂതു കളിച്ച് രാജ്യം തുലച്ചു. കാര്‍ക്കോടകന്‍ എന്ന വിഷസര്‍പ്പത്തിന്റെ ദംശനമേറ്റു ദേഹമാകെ വിരൂപമായി. കലി ഇറങ്ങുന്നതു വരെയും ഇതായിരുന്നു കഥ.
കലിബാധിതനായ നളനെപ്പോലെ വിചിത്രമാണ് കൗമാരങ്ങളുടെ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കഥകളും. ലിബിയയില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന ശാക്കിര്‍ ശഹാന്‍ എന്ന ഇരുപത്തഞ്ചുകാരന്റെ കഥ രസകരമാണ്. ഹസന്‍ ശഹാല്‍ എന്ന പണ്ഡിതന്റെ മകനാണ് ഇയാള്‍. റഖയിലേക്കു ഹിജ്‌റ പോയ ശാക്കിര്‍ അവിടെയെത്തിയ ഉടന്‍ ഐ.എസിന്റെ ശരീഅ കോടതിയിലെ ജഡ്ജിയായി. ഐ.എസിനെതിരേ ആര് എന്തു പറഞ്ഞാലും തലയറുക്കുക എന്ന് വിധിക്കാന്‍ വലിയ വിവരമൊന്നും വേണ്ടല്ലോ. ശാക്കിര്‍ ഐ.എസില്‍ ചേര്‍ന്നതിന്റെ കാരണമാണ് ബഹുരസം. ഇവന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവത്രെ. അവളെയും കിനാക്കണ്ട ് കഴിയുന്നതിനിടെ ആ പൂതി നടക്കില്ലെന്നു പെണ്‍വീട്ടുകാര്‍ പറഞ്ഞു. ഈ നൈരാശ്യം സഹിക്കാതെയാണ് ശാക്കിര്‍ നാടുവിട്ട് ഐ.എസില്‍ ചേരുന്നത്.
ഖൈറുല്ലാഹ് എന്നാണത്രെ അറബികള്‍ കേരളത്തെ വിളിച്ചിരുന്നത്. വരണ്ട മരുപ്പറമ്പുകള്‍ താണ്ടി മടുക്കുമ്പോള്‍ ദൈവാനുഗ്രഹത്തിന്റെ പച്ചപ്പ് കണ്ടാല്‍ ആരും അങ്ങനെ വിളിച്ചു പോകും. ഖൈറുല്ലാഹ് എന്ന വിളി ലോപിച്ചാണ് കേരളമായതെന്ന് സ്ഥലനാമ ചരിത്രത്തില്‍ വാദമുണ്ട്. ദാറുല്‍ കുഫ്‌റില്‍നിന്ന് ദൗലത്തുല്‍ ഇസ്‌ലാമിലെത്തി; ഞങ്ങള്‍ക്കിവിടെ സുഖമാണ്- കേരളം പോലൊരു അനുഗ്രഹീത മണ്ണു വിട്ട് രക്തത്തിന്റെയും വെടിമരുന്നുകളുടെയും മാത്രം മണമുള്ള ഏതോ ഒരു നാട്ടിലേക്കു തിരോധാനം ചെയ്യപ്പെട്ട മലയാളികള്‍ വീട്ടുകാര്‍ക്കു നല്‍കിയ സന്ദേശമാണിത്. ഇവരുടെ തലച്ചോറില്‍ കയറിക്കൂടിയ കലി എത്ര വിചിത്രമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്!
ഫ്രാന്‍സില്‍നിന്ന് ഒരു കഥയുണ്ട്. കഥയല്ല, സംഭവം തന്നെ. ഒരു പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി. കുടുംബം തിരച്ചിലോടു തിരച്ചില്‍. അറബി തീരെ അറിയാത്ത ആ പെണ്ണ് ഐ.എസില്‍ ചേരാന്‍ പോയതാണത്രെ. ഇപ്പോള്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന അലെപ്പോ (ഹലബ്) എന്ന സിറിയന്‍ നഗരത്തിലേക്കാണ് അവള്‍ പോയത്. അല്ലാമ ശൈഖ് സയ്യിദ് അബ്ദുല്‍ഖാദര്‍ ഈസായെ പോലുള്ള സൂഫീ വര്യന്മാര്‍ ജീവിച്ച അലെപ്പോ ഇപ്പോള്‍ പഴയ ഹലബല്ല. മനുഷ്യരക്തം കൊണ്ട ് ചെഞ്ചായമണിഞ്ഞ മണല്‍ത്തരികള്‍ മാത്രമുള്ള അലെപ്പോ. അവിടെനിന്ന് ഈ ഫ്രഞ്ചുകാരി സഹോദരന് അയച്ച സന്ദേശം ഇങ്ങനെയാണ്: ബ്രദര്‍, ഞാനിപ്പോള്‍ സിഡ്‌നി ലാന്‍ഡിലെത്തിയ പ്രതീതിയിലാണ്. ഞാന്‍ സ്വപ്നം കണ്ട ജീവിതം ഇതാണ്.
യൂറോപ്പില്‍നിന്നും അറബ് രാജ്യങ്ങളില്‍നിന്നും സിറിയയിലേക്കു കടക്കുന്ന ചെറുപ്പക്കാര്‍ കൃത്യമായി ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ മാത്രമല്ല. ഓരോ രാജ്യത്തെയും പൗരന്മാരെ അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിയാണ് ഐ.എസ് ആകര്‍ഷിക്കുന്നത്. തോക്കെടുത്ത് യുദ്ധം ചെയ്യാനുള്ള അഭിലാഷമാണ് ചിലരെ ആകര്‍ഷിക്കുന്നതെങ്കില്‍ മറ്റു ചിലരെ ലൈംഗിക അടിമകളുമൊത്തുള്ള സഹവാസമാണ് കൊതിപ്പിക്കുന്നത്. പട്ടിണിയാണ് ചിലരുടെ സമാധാനം കളയുന്നതെങ്കില്‍ അതിസമ്പന്നതയാണ് ചിലര്‍ക്കു പ്രശ്‌നം. അഭിരുചിക്കനുസരിച്ച് ആളെ എടുക്കാന്‍ പരിശീലനം സിദ്ധിച്ച വിഭാഗമാണ് ഐ.എസിന്റെ ഓണ്‍ലൈന്‍ റിക്രൂട്ടിങ് നിയന്ത്രിക്കുന്നത്.
അവന്‍ ടൂര്‍ പോയതാണ്
കണ്ണൂരിലെ കനകമലയില്‍നിന്ന് പിടികൂടിയവരുടെ ഐ.എസ് ബന്ധം ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, പിടിക്കപ്പെട്ടവരുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ എത്തിപ്പെടുന്ന ചില തുരുത്തുകളുണ്ട്. അവര്‍ പ്രവര്‍ത്തിച്ച സംഘടനകള്‍, മുന്‍കാല പരിപാടികള്‍, സാമൂഹിക ജീവിതം എന്നിവയെല്ലാം ഓഡിറ്റ് ചെയ്യുമ്പോള്‍ എത്തുന്നത് ഒരേ ദിശയിലേക്കാണ്.
പില്‍ക്കാലത്ത് ജനാധിപത്യത്തിന്റെ തോലണിഞ്ഞ മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും ഇസ്‌ലാമിനെ അക്ഷര വായന നടത്തുന്നവര്‍ക്കും കേരളത്തിന്റെ സാമുദായിക ബന്ധങ്ങളെ വിഷലിപ്തമാക്കാന്‍ ഇറങ്ങിത്തിരിച്ച ഹൈന്ദവ-മുസ്‌ലിം വര്‍ഗീയവാദികള്‍ക്കും ഈ പരിണാമത്തില്‍ പങ്കുണ്ട് എന്ന് ഓഡിറ്റില്‍ വ്യക്തം.
പിടിക്കപ്പെട്ട ഒരാള്‍ വീട്ടില്‍ പറഞ്ഞത് അന്നേ ദിവസം കൂട്ടുകാരോടൊപ്പം വിനോദയാത്ര പോകുന്നു എന്നാണ്. ടൂര്‍ പോയ മകനെ കറുത്ത മുഖംമൂടിയിട്ട് പൊലിസുകാര്‍ കൊണ്ടുപോകുന്നതാണ് കുടുംബം കാണുന്നത്. സ്വന്തമായി സൃഷ്ടിച്ചെടുത്ത ഒരു ലോകത്താണ് ഇവരില്‍ പലരുടെയും ജീവിതം. മാന്യതയുടെ മുഖം മൂടിക്കൊപ്പം സഹജമായ അന്തര്‍മുഖത്വവും ഇത്തരക്കാര്‍ക്കുണ്ട്. പലരും പുറംലോകവുമായി ബന്ധമില്ലാത്തവരാണ്.
അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ സ്വയം പ്രഖ്യാപിത കാല്‍പനിക ഖിലാഫത്തിന് ബൈഅത്ത് ചെയ്യാത്തവരെല്ലാം ഐ.എസിന്റെ കണ്ണില്‍ കാഫിറുകളാണ്. ഐ.എസിനു വേണ്ടി പ്രചാരണം നടത്തുന്ന ബ്ലോഗുകളും സോഷ്യല്‍ മീഡിയാ പേജുകളും പരിശോധിച്ചാല്‍ കേരളത്തിന്റെ മണ്ണില്‍ തീവ്രവാദ പ്രവണതകള്‍ക്ക് വിത്തിട്ടവര്‍ പോലും മൂക്കത്ത് വിരല്‍ വച്ചുപോകും. അത്രമേല്‍ അപകടകരമാണ് കാര്യങ്ങളെന്ന് മനസിലാക്കാന്‍ അന്‍സാറുല്‍ ഖിലാഫയുടെ മലയാള പതിപ്പുതന്നെ ധാരാളം.
അത്രമേല്‍ സ്‌നേഹം നല്‍കി പോറ്റിവളര്‍ത്തിയ മക്കള്‍ നമ്മെ കൈവിട്ട് നമുക്കു പോലും അതിശയം തോന്നുന്ന വഴികളിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പൊലിസോ പട്ടാളമോ മുറ്റം കടന്നുവരുമ്പോള്‍ മാത്രമാണ് പടച്ച റബ്ബേ എന്നു പറഞ്ഞ് തലയില്‍ കൈ വയ്ക്കുന്നത്. മക്കളെ, നിങ്ങള്‍ ഏതു സ്‌കൂളിലാണ് പഠിപ്പിച്ചത്? സര്‍വമത പ്രാര്‍ഥനയില്‍ തുടങ്ങിയ ദേശീയഗാനത്തില്‍ അവസാനിക്കുന്ന സ്‌കൂള്‍ ജീവിതമല്ലേ നിങ്ങള്‍ അവന് സമ്മാനിച്ചത്? ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ബഹുസ്വര സമൂഹത്തിന്റെ സ്‌നേഹ സൗഹൃദങ്ങള്‍ അനുഭവിച്ചല്ലേ അവന്‍ വളര്‍ന്നത്? ഉപരിപഠനത്തിന് എങ്ങോട്ടാണ് വിട്ടത്? എന്താണ് അവന്‍ അവിടെ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ അന്വേഷിക്കുന്നുണ്ടോ?
ഏതുതരം പുസ്തകങ്ങളാണ് വായിക്കുന്നത്? ഓണ്‍ലൈനില്‍ എന്താണ് സെര്‍ച്ച് ചെയ്തു കൊണ്ടിരിക്കുന്നത്? മക്കളെ അയല്‍പക്കങ്ങളിലെ കുട്ടികളുമായി മതം നോക്കാതെ സഹവസിക്കാന്‍ അനുവദിക്കാറുണ്ടോ? പാവങ്ങളെ മതം നോക്കാതെ സഹായിക്കുമ്പോള്‍ അവന്റെ കുഞ്ഞിക്കൈ കൊണ്ട് കൊടുപ്പിക്കാറുണ്ടോ? ഫുട്‌ബോള്‍ കളിക്കാനും വായനശാലയിലേക്കും പോകുമ്പോള്‍ വിലക്കാറുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരങ്ങളില്‍ പതര്‍ച്ചയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്.
എന്തെന്നാല്‍, നിങ്ങള്‍ ജീവിച്ച ഒരു സാഹചര്യമേ അല്ല മക്കളിലേക്കു നിങ്ങള്‍ പകര്‍ന്നുനല്‍കിയത്. അവനെ അവന്റേതു മാത്രമായ തുരുത്തുകളില്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. അത് ഗുരുതരമായ കുറ്റകൃത്യമാണ്.
പോണോഗ്രഫി സൈറ്റുകളേക്കാള്‍ ഇന്ന് ഭയപ്പെടേണ്ടത് ഭീകരതയുടെ റിക്രൂട്ടിങ് സൈറ്റുകളിലേക്കു മക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടോ എന്നാണ്. അവന്റെ കൂട്ടുകാരെയും കൂട്ടം കൂടലുകളെയും ശ്രദ്ധിച്ചേ പറ്റൂ. സോഷ്യല്‍ മീഡിയയില്‍ അവനെ വലവീശാനും മതഭീകരതയുടെ സയനൈഡ് സമ്മാനിക്കാനും കണ്ണികളുണ്ട്. ഇത്തരം കെണികളില്‍ മക്കള്‍ അകപ്പെട്ടു പോകുന്നത് ശ്രദ്ധിക്കുക തന്നെ വേണം.
അധോഗമന
പ്രസ്ഥാനങ്ങള്‍
പുരോഗമന പ്രസ്ഥാനങ്ങള്‍ എന്നു പേരിട്ടു വിളിച്ച പലതും ഇപ്പോള്‍ അധോഗമനത്തിന്റെ തിരിച്ചിറക്കത്തിലാണ്. ചരിത്രത്തിന്റെ അനിവാര്യമായ കറക്കം. ഇസ്‌ലാമിനെ സാധ്യതകളുടെ വാതായനങ്ങള്‍ തുറക്കുന്ന അത്ഭുതമായി വ്യാഖ്യാനിച്ചവരുടെ എണ്ണം കുറഞ്ഞു. ശരിതെറ്റുകളുടെ വരണ്ട പട്ടിക മാത്രമായിട്ടാണ് ഇസ്‌ലാമിനെ പുതിയ തലമുറ പരിചയപ്പെടുന്നത്. അക്ഷര വായനക്കപ്പുറത്തുള്ള യുക്തിസഹ വ്യാഖ്യാനങ്ങള്‍ അവര്‍ കേള്‍ക്കുന്നേയില്ല. അവര്‍ക്കു മുന്‍പ് ജീവിച്ചു മണ്‍മറഞ്ഞ മഹാന്മാരുടെ ചരിത്രം അറിയുന്നേയില്ല.
പണ്ടുകാലത്ത്, വരള്‍ച്ച രൂക്ഷമായി കൃഷിനാശം സംഭവിച്ചാല്‍ മലബാറിലെ ഹിന്ദു കാരണവന്മാര്‍ ഒരു തീരുമാനമെടുത്തിരുന്നുവത്രെ. ഒരു മുസ്‌ലിമിനെ തങ്ങളുടെ നാട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുക. ദൈവാനുഗൃഹത്താല്‍ മഴ ലഭിക്കും. ഇസ്‌ലാം വ്യാപകമാകുന്നതിന് മുന്‍പ് പല ഹിന്ദു ഗ്രാമങ്ങളിലും ഈ വിശ്വാസം നിലനിന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. അതായിരുന്നു വിശ്വാസം. മുസ്‌ലിമിനോടുള്ള വിശ്വാസം. അവന്റെ സാമീപ്യം പോലും ദൈവകാരുണ്യമാണെന്ന വിശ്വാസം.
ആ വിശ്വാസം ഉലഞ്ഞിരിക്കുന്നു. ഇറക്കുമതി ചെയ്യപ്പെട്ട, അപരിചിതമായ തത്വങ്ങളില്‍ കീറിയും മുറിഞ്ഞും നാടു വരണ്ടുപോയിരിക്കുന്നു. ഒരിറ്റ് സ്‌നേഹജലത്തിനു ദാഹിക്കുന്നു. പൈതൃകങ്ങളെയെല്ലാം ഇടിച്ചുനിരപ്പാക്കിയിട്ട് ഈ പുതുവിശ്വാസക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ശൂന്യതയും വരള്‍ച്ചയുമല്ലാതെ മറ്റെന്താണ്? ഇവരില്‍നിന്ന് ഈ നാടിനെയും വരുംതലമുറയെയും രക്ഷിച്ചേ പറ്റൂ.
പുതിയ തലമുറക്ക് സാമൂതിരിയെയും കുഞ്ഞാലി മരക്കാരെയും മങ്ങാട്ടച്ചനെയും കുഞ്ഞായിന്‍ മുസ്‌ലിയാരെയും പരിചയപ്പെടുത്തണം. മമ്പുറം തങ്ങളെയും കോന്തു നായരെയും അവര്‍ അറിയണം. മഹനീയമായ സാമുദായിക ഇഴയടുപ്പവുമായി മഖ്ദൂമുമാര്‍ പ്രതിനിധീകരിച്ച മതത്തെ പഠിക്കണം. ഇന്നലെകളുടെ ആ കരുത്തുറ്റ വേരുകളിലാണ് നീയെന്ന ഇലയുടെ ഊര്‍ജമെന്ന് അവനെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."