ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ നിര്‍ദേശം
കൊച്ചി: നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിനു കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ പ്രൊഫ. കെ.വി. തോമസ് എംപി കര്‍ശന നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണിത്. നേരിട്ട് പെന്‍ഷന്‍ എത്തിക്കുമ്പോള്‍ പലര്‍ക്കും ലഭിക്കാതെ പോകുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. കിടപ്പുരോഗികള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താനും എംപി നിര്‍ദേശിച്ചു.
പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റ സമര്‍പ്പിച്ചാല്‍ അക്കൗണ്ട് എടുത്തു നല്‍കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി. അനില്‍ കുമാര്‍ യോഗത്തില്‍ അറിയിച്ചു. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന് 156904 ഗുണഭോക്താക്കളും ദേശീയ വിധവ പെന്‍ഷന്‍ പദ്ധതിക്ക് 102502 ഗുണഭോക്താക്കളും വികലാംഗ പെന്‍ഷന്‍ പദ്ധതിക്ക് 28396 ഗുണഭോക്താക്കളുമാണുള്ളത്.
ജില്ലയെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്കു കീഴില്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണെന്ന് ശുചിത്വ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ സിജു തോമസ് യോഗത്തില്‍ അറിയിച്ചു. പട്ടികവര്‍ഗ മേഖലകള്‍ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി.
ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിക്കു കീഴില്‍ ഓഗസ്റ്റ് 31 വരെ 5.71 കോടി രൂപയാണ് വിനിയോഗിച്ചത്. എല്ലാ വാര്‍ഡുകളിലും 10,000 രൂപ വീതം ആരോഗ്യശുചിത്വ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. അടുത്ത മാര്‍ച്ച് വരെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കേണ്ടത്.
ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്തുന്നതിനുള്ള ഭരണാനുമതി ലഭിച്ച എറണാകുളം ജില്ല ആശുപത്രിയില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിന്‍സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."