വ്യത്യസ്തത പകര്‍ന്ന് വൈറ്റ് കെയിന്‍ ദിനാഘോഷം
കൊച്ചി: 'കാഴ്ചയില്ലെങ്കിലും അവര്‍ എല്ലാവരെയും കാണുന്നു, ഉള്‍ക്കണ്ണിന്റെ വെളിച്ചമാണ് അവര്‍ക്ക് വഴികാട്ടി. സ്വരവും സ്പര്‍ശനവും ശബ്ദവും വഴി അവര്‍ പ്രകൃതിയെയും ചുറ്റുമുള്ളവരെയും തിരിച്ചറിയുന്നു'. അവര്‍ എങ്ങനെ കാണുന്നു, തിരിച്ചറിയുന്നു എന്നതിന് നേര്‍ക്കാഴ്ചയായി ഇന്നലെ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ലോക വൈറ്റ്കെയിന്‍ ദിനാഘോഷം.
ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കീഴ്മാട് അന്ധ വിദ്യാലയത്തിലെ കുട്ടികളാണ് തങ്ങളുടെ കഴിവുകള്‍ കാഴ്ചയുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചത്. തങ്ങള്‍ക്കുള്ള സര്‍ഗാത്മക കഴിവുകള്‍ കാഴ്ചയുള്ളവരുടേതിനു തുല്യമാണെന്ന് ഈ കൊച്ചുകൂട്ടുകാര്‍ തെളിയിക്കുകയായിരുന്നു.
രാവിലെ കലക്ടറേറ്റിനുള്ളിലേക്ക് നടത്തിയ റാലിയോടെയായിരുന്നു തുടക്കം. പിന്നീട് അവര്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ദിനാഘോഷവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയില്ലാത്തവര്‍ താങ്ങാകണമെന്ന് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ പറഞ്ഞു.
കേരള ബ്ലൈന്‍ഡ് സ്കൂള്‍ സൊസൈറ്റി പ്രസിഡന്റ് ഫാ. കെ. വി. പൗലോസ് അധ്യക്ഷനായിരുന്നു. കാഴ്ചയില്ലാത്തവരുടെ യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് എ.ഡി.എം സി. കെ. പ്രകാശ് പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത സിനിമാതാരം കൃഷ്ണപ്രസാദ് തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് അറിയിച്ചു. വിളംബര ജാഥ ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഫളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."