വൈപ്പിന്‍-പറവൂര്‍ മേഖലയിലെ സ്വകാര്യബസുകള്‍ പണിമുടക്കി
പറവൂര്‍: വൈപ്പിന്‍-പറവൂര്‍ മേഖലയില്‍ സ്വകാര്യബസുകള്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെയും നാട്ടുക്കാരെയും വലച്ചു. . തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് ജനങ്ങളെ സാരമായി ബാധിച്ചു.
രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകാനെത്തിയവരും വിദ്യാര്‍ഥികളും വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. പലര്‍ക്കും സര്‍ക്കാര്‍ ഓഫിസുകളിലും മറ്റു നിര്‍മ്മാണമേഖലകളിലും ഏറെ വൈകിയാണ് ജോലിക്കെത്താന്‍ കഴിഞ്ഞത്.
കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസുടമകളുമായി ധാരണയാകാത്ത പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ അനിശ്ചിതകാലസമരം.
പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി സംയുക്ത സമരസമിതി നടത്തിയ എല്ലാ ശ്രമങ്ങളും ബസുടമ സംഘടനകളുടെ നിസഹകരണം മൂലം തീരുമാനമായിരുന്നില്ല. ജില്ലാ ലേബര്‍ ഓഫിസര്‍, റീജിയണല്‍ ജോയിന്റ്റ് ലേബര്‍ കമ്മീഷണര്‍, എന്നിവര്‍ പലവട്ടം വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ബസുടമകളുടെ നിഷേധാത്മക നിലപാടാണ് തൊഴിലാളികളെ ഒരു പണിമുടക്കിലേക്ക് നിര്‍ബന്ധിതരാക്കിയത്.
പതിനാലും പതിനാറും മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വളരെ ഇച്ഛമായ കൂലിയാണ് ഈ മേഖലയില്‍ നല്‍കുന്നത്. വേതന വര്‍ധനവ് ആവശ്യപ്പെടുമ്പോഴെല്ലാം തൊഴിലാളി ദ്രോഹ നടപടികളാണ് ബസുടമ സംഘടനകള്‍ സ്വീകരിച്ചു വരുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ദീര്‍ഘദൂര സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്ക് കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ പകരം സംവിധാനം ഒരുക്കണമെന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ബദല്‍ സംവിധാനങ്ങള്‍ക്കുള്ള യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
പണിമുടക്കില്‍ പങ്കെടുക്കുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ സമരസമിതി നേതാക്കളായ ജോയ് ജോസഫ്,പറവൂര്‍ ആന്റണി,കെ പി സന്തോഷ്(എ ഐ റ്റി യു സി),കെ സി രാജീവ്,എം എ പ്രസാദ്,കെ എ അജയകുമാര്‍(സി ഐ ടി യു),കെ എസ് ശ്യാംജിത്ത്,കെ എസ് ഷാജു,എം എസ് രഞ്ജിത്ത്(ബി എം എസ്),വി സി പത്രോസ്,ജോബി പഞ്ഞിക്കാരന്‍,എം ജെ രാജു, ഒ ബി അഭിലാഷ്(ഐ എന്‍ റ്റി യു സി),അഡ്വ: ടി ബി മിനി,ടി സി സുബ്രഹ്മണ്യന്‍,സുരേഷ്(ടി യു സി ഐ),വി എം ഫൈസല്‍,നിഷാദ്(എസ് ഡി ടി യു) തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."