പള്ളുരുത്തിയിലെ ബിവറേജസ് മദ്യശാലക്കെതിരേ പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: പള്ളുരുത്തി നടയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പന ശാലക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ജനവാസ കേന്ദ്രമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മദ്യ വില്‍പന ശാലക്കെതിരേ നിരവധി പരാതികള്‍ നല്‍കിയിട്ടും മദ്യ ശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുവാനുള്ള അധികൃതരുടെ നീക്കമാണ് പ്രതിഷേധം ശക്തമാകാന്‍ കാരണമായത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യ ശാലക്ക് മുകളിലായി പ്രീമിയം ബ്രാന്‍ഡ് വില്‍പനശാല തുടങ്ങുവാനുള്ള നീക്കത്തിലാണ് അധികൃതര്‍.
മദ്യ വില്‍പന ശാലയില്‍ നിന്ന് മദ്യം വാങ്ങി സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഇരുന്ന് കഴിക്കുന്നതും പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മദ്യപിക്കുന്നവര്‍ പരസ്പരം സംഘര്‍ഷമുണ്ടാക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും യുവാക്കള്‍ മദ്യത്തിന് അടിമകളാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. മദ്യം വാങ്ങുവാനായി എത്തുന്നവര്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ബിവറേജസ് മദ്യ വില്‍പന ശാല നീക്കണമെന്നാവശ്യപ്പെട്ട് സമര രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."