സ്വയം തോറ്റുകൊണ്ടിരിക്കുന്ന മലയാളികള്‍
തിളച്ച വെള്ളത്തിലിട്ടാല്‍ അരിവേവും. അതിനുപയോഗിക്കുന്നത് മുന്തിയ വിറകോ ചെമ്പുകലമോ ശാസ്ത്രീയമായി പണിത അടുപ്പോ ആവണമെന്നില്ല. പുലയച്ചാളയുടെ മുറ്റത്ത് ചെളിയും കട്ടയും കൊണ്ടുണ്ടാക്കിയ അടുപ്പില്‍ പാളയും മടലും ഇല്ലിയും ചുള്ളിയും കൊണ്ട് കത്തിച്ച് മണ്‍കുടത്തില്‍ വേവിച്ചാലും ചോറ്, ചോറ് തന്നെയെന്ന് ഉടയോനും അടിയാനും സമ്മതിക്കുന്നു. അന്നം ഊര്‍ജമാണ്. അതേസമയം അത് എളുപ്പത്തില്‍ കെട്ടുപോകുന്നതുമാണ്. പരബ്രഹ്മ ചൈതന്യമാണ് ശരീരത്തില്‍ നിറഞ്ഞിട്ടുള്ളത്. പക്ഷെ, ശരീരം മേലാളന്റേതായാലും കീഴാളന്റേതായാലും നശ്വരവും നാറുന്നതുമാണ്. അന്നത്തെ പ്രതീകവത്കരിച്ചുനോക്കിയാലും ജീവിത സാഹചര്യങ്ങള്‍ക്കതീതമായി മനുഷ്യജാതികളെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയെന്നാണ് യഥാര്‍ഥത്തിലുളള യുക്തി.
യുക്തിക്കു നിരക്കുന്നതാണ് ഇതെന്ന ഉത്തമ വിശ്വാസത്തിലധിഷ്ഠിതമായതുകൊണ്ട് ഇത്തരത്തില്‍ ഒരു കുറിപ്പെഴുതാന്‍ പ്രേരകമായ ഘടകം. പെരുമ്പാവൂര്‍ കുറുപ്പംപടിക്ക് സമീപം പെരിങ്ങാലിലെ കനാല്‍ പുറമ്പോക്കിലെ ഒരു കുടിലില്‍(വീടെന്നും പരിഷ്‌കാരത്തിന്റെ മേമ്പൊടിചേര്‍ത്ത് പറയാം) ജിഷയെന്ന യുവതി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം തന്നെയാണ്. ജിഷ നിയമവിദ്യാര്‍ഥിയാണ്. അയല്‍വാസികളും ജിഷയുടെ സുഹൃത്തുക്കളുടേയുമെല്ലാം വാക്കുകളുടെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ജീവിതയാഥാര്‍ഥ്യങ്ങളോടെ പടപൊരുതി തന്നെയാണ് അവള്‍ ജീവിച്ചത്.
പക്ഷെ അവള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അതുസംബന്ധിച്ചുള്ള അന്വേഷണം എങ്ങനെയായിരുന്നുവെന്നുള്ള കാര്യം വല്ലാതെ നൊമ്പരപ്പെടുത്തുന്നതാണ്. ആത്യന്തികമായി അവളൊരു ദളിതായിരുന്നു എന്നതായിരുന്നോ, അല്ലെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ലാതിരുന്നതുകൊണ്ടാണോ അന്വേഷണം മുട്ടിലിഴയാന്‍ കാരണം. തെളിവുകളെല്ലാം വേഗത്തില്‍ തമസ്‌കരിച്ച് തങ്ങളുടെ ദൗത്യം തീര്‍ത്ത ചാരിതാര്‍ഥ്യത്തോടെ സംഭവ സ്ഥലത്തു നിന്നും പോയ നിയമപാലകര്‍ പക്ഷെ, ഇപ്പോഴുയര്‍ന്നുവന്ന പ്രതിഷേധം ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നുവേണം കാണാന്‍.
പരുക്കന്‍ യാഥാര്‍ഥ്യങ്ങളോട് പോരടിച്ച ജിഷയുടെ ജീവനെടുത്ത പ്രതിയെ ഈ കുറിപ്പെഴുതുന്നതുവരെ പൊലിസിന് കണ്ടെത്താനായിട്ടില്ല. ഇത് പ്രസിദ്ധീകരിച്ച് ഏറെ കഴിയുന്നതിന് മുമ്പ് പ്രതി പിടിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് വെറുതെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. മേലാളന്റെ താല്‍പര്യങ്ങള്‍ എക്കാലവും അതിന്റേതായ തന്റേടത്തോടെ നിയമപാലകര്‍ സംരക്ഷിച്ചിട്ടുണ്ട്. അത് ഉത്തരേന്ത്യയിലായാലും ദക്ഷിണേന്ത്യയിലായാലും ശരി.
സാക്ഷരതയില്‍ രാജ്യത്തെ മാതൃകയാക്കിയിരുന്ന കേരളത്തില്‍ ദളിത് പീഡനങ്ങള്‍ കേട്ടറിഞ്ഞത് ഒരു പക്ഷെ ഉത്തരേന്ത്യയില്‍ നിന്നായിരുന്നു. ഇപ്പോഴിതാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് ആ വാര്‍ത്തകള്‍ മലയാളികളുടെ വീടുകള്‍ക്കു ചുറ്റും കേട്ടു തുടങ്ങി. അതുകൊണ്ടുതന്നെ നിരക്ഷരത കൊടികുത്തി വാഴുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളും സാക്ഷരരെന്ന് പുകള്‍പെറ്റ കേരളീയരും തമ്മില്‍ ഒട്ടും അകലെയല്ലെന്ന് നാം തിരിച്ചറിയുന്നു.
അന്നൊരിക്കല്‍ തീവണ്ടിയില്‍ വെച്ച് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൗമ്യക്കും ഡല്‍ഹിയില്‍ ബസ് യാത്രക്കിടയില്‍ ക്രൂരമായി പീഡനത്തിനിരയായി മരിച്ച നിര്‍ഭയക്കും ശേഷം ജിഷയും മനുഷ്യമനസാക്ഷിക്കുമേല്‍ വലിയൊരു കളങ്കമായി മാറിയിരിക്കുന്നു. സൗമ്യക്കു പിന്നാലെ നിര്‍ഭയയും കൊലചെയ്യപ്പെട്ടപ്പോള്‍ സ്ത്രീ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നു. അതിശക്തമായ നിയമമാണ്. പക്ഷെ ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നു പറഞ്ഞതുപോലെ നിയമം നിയമത്തിന്റെ വഴിക്കും അക്രമികളുടെ ചെയ്തികള്‍ അവരുടെ വഴിക്കും നീങ്ങുന്ന കാഴ്ചയാണ് ജിഷയുടെ മരണം രാജ്യത്തിന് കാണിച്ചു തന്നത്.
പുരുഷാധിപത്യത്തിന്റെ അധമ ബോധത്തില്‍ പെണ്ണുടല്‍ ഞെരിഞ്ഞമരുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന ഫെമിനിസ്റ്റ് ചിന്താഗതിയല്ല, ഇത്തരം ധാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കേണ്ടത്. മറിച്ച് സമത്വത്തിലധിഷ്ഠിതമായ, സമഭാവനക്ക് ഉള്‍ത്തുടിപ്പു നല്‍കുന്ന ഒരു പുതിയ പ്രത്യയ ശാസ്ത്രത്തിലേക്ക് നമ്മുടെ ബോധതലത്തെ മാറ്റിയെടുക്കുകയാണ് വേണ്ടതെന്നാണ് പൊതുപക്ഷം വിലയിരുത്തുന്നത്.
ഫെമിനിസ്റ്റുകള്‍ നടത്തുന്ന പുരുഷാധിപത്യമെന്ന ചിന്താധാരയല്ല ഇവിടെ വിഷയം. അങ്ങനെ ചിന്തിക്കുന്നതുതന്നെ യഥാര്‍ഥ വസ്തുതയെ തമസ്‌കരിക്കുന്നതിന് തുല്യമായിരിക്കും. ജിഷയുടെ കൊലപാതകത്തെ വ്യാഖ്യാനിച്ച കേരളത്തിലെ ഫെമിനിസ്റ്റുകളില്‍ പലരും പുരുഷാധിപത്യത്തെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇത്തരമൊരു നിരീക്ഷണമല്ല യഥാര്‍ഥത്തില്‍ വേണ്ടത്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അഥമ സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ബോധവത്കരണമാണ് അഭികാമ്യം.
സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരമല്ല, മറിച്ച് നമ്മുടെ സംസ്‌കാരത്തിലേക്ക് നാമറിയാതെ ഉള്‍ചേര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ അതിജീവിക്കാനുള്ള കഴിവാണ് ഉണ്ടാകേണ്ടത്.
എന്നാല്‍ കാലാകാലമായി നമ്മള്‍ നിര്‍മ്മിച്ച ഒരു നിയമസംഹിതക്കും അത്തരത്തിലൊരു മാറ്റമുണ്ടാക്കാനായിട്ടില്ല. നമ്മുടെ സംസ്‌കാരത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ജാതീയമായ ബോധമാണ് ഇവിടെ ഭരിക്കുന്നത്. അതികഠിനമായ അന്യായത്തെ തിരിച്ചറിയുമ്പോള്‍ പോലും നമുക്ക് ഫലപ്രദമായി എതിര്‍ക്കാന്‍ സാധിക്കാത്തതിനുകാരണം നമ്മളില്‍ നാമറിയാതെ വളര്‍ന്നുവരുന്ന ജാതീയമായ ശക്തിയാണ്. ഇതേ അവസ്ഥതന്നെയാണ് സ്ത്രീ വിരുദ്ധമായ സംസ്‌കാരത്തെയും പൊലിപ്പിച്ചെടുക്കാന്‍ നാം തയ്യാറായതിന് കാരണം.
ജിഷ കൊല്ലപ്പെട്ടപ്പോള്‍ രണ്ടു കാര്യങ്ങളാണ് നാം തിരിച്ചറിയുന്നത്. അതാകട്ടെ ആധുനികതയില്‍ അന്യായവുമാണ്. അതിലൊന്ന് അവളുടെ ജാതിയും മറ്റൊന്ന് കൂട്ടുകിടപ്പുകാരനായ ദാരിദ്ര്യവുമാണ്. റോഡില്‍ ചത്തു കിടന്നവന്റെ പോക്കറ്റിലെ അഞ്ചു രൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ് എന്ന് കവി എ. അയ്യപ്പന്‍ തന്റെ ഒരു കവിതയില്‍ പറഞ്ഞതുപോലെ ജിഷ മരിച്ചപ്പോള്‍ നിയമം പാലിക്കേണ്ടവര്‍ ആദ്യം കണ്ണുപായിച്ചത് അവളുടെ നിറത്തി(ജാതി)ലേക്കായിരുന്നു. ഇതിനും പുറത്തായിരുന്നു അവളുടെ വിദ്യാഭ്യാസം. ഒരു ദരിദ്രയായ യുവതിക്ക്, പുറമ്പോക്കില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യാന്‍ പാടില്ലെന്ന പഴയ നാടുവാഴിത്തവമ്പത്തരം പോലും നമ്മുടെ പൊലിസ് അറിയാതെയെങ്കിലും അവരുടെ ഉപബോധ തലത്തില്‍ ഉന്നയിച്ചിരുന്നുവോയെന്ന് സംശയിച്ചുപോയാല്‍ തെറ്റുപറയാനാകില്ല.
സമത്വമെന്നും സംസ്‌കാര സമ്പന്നരെന്നും പറയുന്ന കേരളത്തില്‍ ജാതി വ്യവസ്ഥയുടെ കെട്ടുപാടുകളെ ഇല്ലാതാക്കിയെന്ന് പറയുമ്പോള്‍ തന്നെ ആ വലിയ ചുവടുവെപ്പിനെ നാം തന്നെ തോല്‍പ്പിച്ചു കഴിഞ്ഞു എന്നതാണ് ജിഷയുടെ മരണം വെളിപ്പെടുത്തുന്നത്. കൊലപാതകവും പീഡനങ്ങളും നടത്തുന്ന അക്രമികള്‍ക്ക് കൃത്യമായ രീതിയില്‍ ശിക്ഷ ലഭിക്കുകയില്ലന്നെതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം. മാത്രമല്ല കുറ്റവാളിയേക്കാള്‍ ഇരക്കാണ് സാമൂഹികമായ അപമാനവും ഒറ്റപ്പെടലും സഹിക്കേണ്ടി വരുന്നത്. ഇതെല്ലാം പൊതുജനം നിസംഗമായി നോക്കി നില്‍ക്കുന്നു. ഇതിനെല്ലാംപുറമെ സ്ത്രീ വിരുദ്ധമായ മനസോടെയും തികഞ്ഞ അലംഭാവത്തോടെയും കേസ് അന്വേഷിക്കുകയും കുറ്റപത്രം തയാറാക്കുകയും ചെയ്യുന്ന പൊലിസുകാരുണ്ടെന്നതും അതിനനുസരിച്ച് മാത്രം വിധി പറയേണ്ടുന്ന കോടതികളുണ്ടെന്നതും നാം തിരിച്ചറിയുന്നു. ഇവക്കെല്ലാം പുറമെ രാഷ്ട്രീയവും അഴിമതിയും ഒരുപോലെ ചേര്‍ത്ത് ഏത് കുറ്റത്തേയും നിസാര വത്കരിക്കാന്‍ കഴിയുന്നതും പ്രതികള്‍ക്ക് കുറ്റവാളികളെന്ന വിളിപ്പേരു നല്‍കാതിരിക്കാനും രക്ഷപ്പെടാനും കഴിയുന്ന മാര്‍ഗങ്ങളും നിര്‍ലോഭമായി ലഭിക്കുന്നു.
ഒരു കഥയുണ്ട് അതിലൊരിടത്ത് ഇങ്ങനെ പറയുന്നു: സഹ്യപര്‍വതത്തിന്റെ ധവള ശൃംഗങ്ങളിലൊന്ന്, പ്രഭാതത്തിന്റെ ചുവന്ന പ്രകാശം വന്നുതുടങ്ങുന്നു. പര്‍വത ശൃംഗത്തിന്റെ തുഞ്ചാണിക്കൊമ്പത്തൊരിടത്തൊരു കാട്ടുമൂലികമരം. ഇലയും തളിരും ഒന്നുമില്ലാതെ ചുവന്നുതുടുത്ത പൂക്കള്‍മാത്രം നിറഞ്ഞു നിന്ന ആ മരത്തിന്റെ കൊമ്പിലൊന്നില്‍ രണ്ടു പക്ഷികള്‍ വന്നിരിക്കുന്നു. കാലത്തിന്റെ ഭാരവും വിധിയുടെ വേദനയും ചിറകുകളിലേന്തി തളര്‍ന്നെത്തിയ കാലനേമിപ്പക്ഷികള്‍. മേഘമാലകളുടെ കുളിരണി പന്തലില്‍, കാട്ടുമൂലിക പൂക്കളുടെ രക്തതാരുണ്യത്തില്‍, തൊട്ടുരുമ്മി അങ്ങനെ ഇരിക്കവേ, ആണ്‍കിളി ഇണയോടു പറഞ്ഞു:
ഈ സഹ്യപര്‍വതമായിക്കിടക്കുന്നതാണ്, വരരുചി. വരരുചിയുടെ മടിത്തട്ടിലെന്നപോലെ ചേര്‍ന്നുകിടക്കുന്ന കേരസമൃദ്ധമായ ആ ഹരിതഭൂമിയില്ലേ, അതാണ് കേരളഭൂമി എന്ന പഞ്ചമി. ഘനീഭവിച്ച പശ്ചാത്താപവും സ്‌നേഹവുമായി അവര്‍ ഇവിടെക്കിടക്കുന്നു. അവരുടെ ഉള്‍ത്താപത്തിന്റെ കണ്ണീര്‍ത്തടാകങ്ങളില്‍ നിന്ന് പൊട്ടിയൊഴുകുന്ന നദികളാണ്, അതാ ആ താഴ്‌വാരയിലാകെ. ഇനി, ആ നദീതടങ്ങളിലേക്കു നോക്കൂ...
പെണ്‍ പക്ഷി നോക്കി.
കേരവൃക്ഷങ്ങളും നെല്‍പാടങ്ങളും നിറഞ്ഞ താഴ്‌വര. അവിടെ ഹോമധൂപങ്ങള്‍ ഉയരുന്ന യാഗഭൂമിയില്‍ ക്രിയാനിരതരായിരിക്കുന്ന വേദപണ്ഡിതര്‍. അലക്കു ജോലികളില്‍ ഏര്‍പ്പെട്ടവര്‍, കൃഷിപ്പണിക്കാര്‍, പടയാളികള്‍, കച്ചവടക്കാര്‍, നര്‍ത്തകിമാര്‍, ഗായികമാര്‍, വൈദ്യന്മാര്‍, മന്ത്രവാദികള്‍, പായും പരമ്പും നെയ്യുന്നവര്‍, കവികള്‍, ഗായകര്‍, ഭ്രാന്തുണ്ടെന്ന് നടിക്കുന്ന ഭ്രാന്തന്മാര്‍... അവരുടെ ജീവിതവൃത്തികളുടെ താളവും മേളവും എമ്പാടും മുഴങ്ങുന്നു.
എല്ലാം കണ്ട് കുതൂഹലമാര്‍ന്ന പെണ്ണിനോട് ആണ്‍കിളി വീണ്ടും ചോദിച്ചു: പണ്ട് ഞാന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മയുണ്ടോ? ഒരു പറയിപെറ്റുണ്ടാകാന്‍ പോകുന്ന കുലങ്ങളെപ്പറ്റി?
ഓര്‍മയുണ്ട്, പന്ത്രണ്ട് കുലങ്ങള്‍...
ആണ്‍കിളി അങ്ങുദൂരെ താഴ്‌വരയിലേക്ക് നോക്കി. അല്‍പം മുമ്പുകണ്ടില്ലേ, അവിടെ അതാ അതാണ് ആ പറയിപെറ്റ പന്തിരുകുലം.
കാലനേമി പക്ഷികള്‍ സംതൃപ്തിയോടെ മന്ദഹസിച്ചിട്ടുണ്ടാകണം. ആ സംതൃപ്തിയുടെ ഉത്സാഹത്തിലായിരിക്കണം അവ രണ്ടും പറന്നുയര്‍ന്നുപോയത്(ഇന്നലത്തെ മഴ-എന്‍. മോഹനന്‍)
പക്ഷെ ഇവിടെ ഇന്ന് കേരളീയര്‍ക്ക് അങ്ങനെ സന്തോഷിക്കാന്‍ കഴിയുന്നില്ല... കാരണം നാം ഓരോരുത്തരും സഹജീവികളുടെ അന്തകരാകാന്‍ മത്സരിക്കുകയാണല്ലോ... പാവം കാലനേമി പക്ഷികളുടെ സങ്കല്‍പത്തിനും അപ്പുറത്തേക്ക് വിദ്യാസമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്ന കേരളീയര്‍ സ്വയം തോറ്റുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."