സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ഗതാഗത പ്രശ്‌നം: കര്‍മ്മ പദ്ധതി ജലരേഖയായി
കാക്കനാട്: വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുവാന്‍ തീരുമാനിച്ച കര്‍മ്മ പദ്ധതി ജല രേഖയായി. മുന്‍ ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളാണ് ഫയലില്‍ ഒതുങ്ങിയത്. ഇന്‍ഫോപാര്‍ക്ക് റോഡില്‍ നിരന്തരമായി അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും നടപടികള്‍ വൈകുന്നതില്‍ ജനങ്ങള്‍ ആശങ്കാജനകമാണ്.
മാസങ്ങള്‍ക്ക് മുമ്പ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നായിരുന്നു അടിയന്തര നടപടി. വാഹനാപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഇന്‍ഫോപാര്‍ക്ക് കവാടത്തിന് സമീപം പുതിയ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടും നടപ്പിലായില്ല.
ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഇന്‍ഫോപാര്‍ക്ക് മുന്‍കൈയെടുത്തു സ്ഥാപിക്കുമെന്നു അന്നത്തെ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ യോഗത്തില്‍ അറിയിച്ചിരുന്നു. ഇതിനായി റോഡ് സുരക്ഷാ അതോറിറ്റിയുടെ അനുമതിയ്ക്കായി ശുപാര്‍ശ ചെയ്യാനും പിന്നീട് ഇന്‍ഫോപാര്‍ക്ക് ബോര്‍ഡ് അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
ഇന്‍ഫോപാര്‍ക്ക് റോഡിന്റെ കവാടത്തില്‍ മൂന്നു സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കുവാനും ഈ ഭാഗം മുതല്‍ കളമശേരി വരെ റോഡിലുണ്ടായിരിക്കുന്ന തകരാറുകള്‍ ഉടന്‍ പരിഹരിക്കുവാനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പ്രതിനിധി അറിയിച്ചിരുന്നു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഞ്ചാരസമയമായ രാവിലെ എട്ടരമുതല്‍ ഒമ്പതര വരെയും വൈകുന്നേരം മൂന്നര മുതല്‍ നാലരവരെ ഹെവി വാഹനങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതും ഇതുവരെ നടപ്പിലായിട്ടില്ല.
വാഹനങ്ങള്‍ക്ക് അനായാസം തിരിയുന്നതിനു വേണ്ടി ഇന്‍ഫോപാര്‍ക്ക് കവാടത്തിനു മുന്നില്‍ ബെല്‍മൗത്ത് രണ്ടുവശങ്ങളിലേക്കും 150 മീറ്റര്‍ കണ്ട് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടും ഒരു നടപടിയും ആയിട്ടില്ല.
കൂടാതെ ചെമ്പുമുക്ക് വാഴക്കാല റൂട്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒരു വശത്തു മാത്രമാക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇവിടെ അനധികൃത പാര്‍ക്കിംഗ് മൂലം വന്‍ഗതാഗത തിരക്ക് അനുഭവപ്പെടുന്നതായും കാണാം.
ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ ജലരേഖയാകുമ്പോഴും വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലേയും ഈ റോഡില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."