കാവേരി നദീജലതര്‍ക്കം: ഉന്നതതല സംഘം സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: വെള്ളമില്ലാതെ തമിഴ്‌നാട്ടിലെയും കര്‍ണാകടയിലെയും കര്‍ഷകര്‍ ഒരുപോലെ പ്രയാസപ്പെടുകയാണെന്നു കാവേരി സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ഉന്നതതല സാങ്കേതിക സംഘത്തിന്റെ റിപ്പോര്‍ട്ട്.
ഇരുസംസ്ഥാനത്തെയും കര്‍ഷകര്‍ വെള്ളമില്ലാത്തതിനാല്‍ അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഉടന്‍ നടപടികള്‍ വേണമെന്നും കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍ ജി.എസ്.ഝാ അധ്യക്ഷനായ സമിതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കൃഷിനഷ്ടം കാരണം കര്‍ണാടക മാണ്ഡ്യ ജില്ലയില്‍ നിരവധി ആത്മഹത്യകളുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കാവേരി നദീതടത്തിലുള്ള 48 താലൂക്കുകളില്‍ 42 എണ്ണവും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വരള്‍ച്ചാബാധിത മേഖലയായി പ്രഖ്യാപിച്ചവയാണ്. ഇരു സംസ്ഥാനങ്ങളെയും ഒരു പോലെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇതുപരിഹരിക്കാന്‍ യോജിച്ച നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇരു സംസ്ഥാനങ്ങളും തങ്ങളുടെ ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തണം. കൃഷിക്ക് വെള്ളമില്ലാതിരിക്കുകയും ജലസ്രോതസ്സുകള്‍ വറ്റിപ്പോകുകയും ചെയ്തത് കൃഷി, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ തൊഴില്‍രഹിതരാക്കുകയും സാമ്പത്തിക സുരക്ഷ ഇല്ലാത്തവരാക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വെള്ളമില്ലാത്തത് ഇരു സംസ്ഥാനങ്ങളിയും വിളകളെ ബാധിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ നെല്ല്, ചോളം, കരിമ്പ്, റാഗി എന്നിവയും തമിഴ്‌നാട്ടില്‍ സാമ്പാ നെല്ല്, മഞ്ഞള്‍, കരിമ്പ് കൃഷികളെയുമാണ് ബാധിച്ചത്. കര്‍ണാകടയിലെ ചിലഭാഗങ്ങളില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞു പോയി. തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ ഇത് തളിര്‍ക്കും മുമ്പ് തന്നെ കരിഞ്ഞു.
വരള്‍ച്ചയെ അതിജീവിച്ച നെല്‍ച്ചെടികള്‍ കര്‍ണാകടയില്‍ വളര്‍ച്ചയുടെ പാതിഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ കൂടുതല്‍ വെള്ളം വേണ്ടാത്ത കൃഷിരീതികളാണ് പലരും അവലംബിച്ചിരിക്കുന്നത്. ഇപ്പോള്‍ ജലലഭ്യത കുറവില്ലാത്ത സ്ഥലങ്ങളിലും വെള്ളം തുടര്‍ന്നും ലഭ്യമാക്കിയില്ലെങ്കില്‍ കൃഷിനശിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്ടിനു വെള്ളം വിട്ടുകൊടുക്കുന്നതിന് കര്‍ണാകട നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നു പറയുന്ന റിപ്പോര്‍ട്ട്, സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ച് വെള്ളം വിട്ടുകൊടുക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി നേരിടാന്‍ പോകുന്ന കര്‍ണാടകയ്ക്ക് ആശ്വാസമാണ്. ജല കമ്മിഷന്‍ അംഗം എസ്. മസൂദ് ഹുസൈന്‍, ഹൈദരാബാദിലെ ജലകമ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍.കെ.ഗുപ്ത, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഉന്നത പ്രതിനിധികള്‍ തമിഴ്‌നാട്, കര്‍ണാടകം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവടരങ്ങുന്ന സംഘം കാവേരി നദീതടം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിവിധ വാള്യങ്ങളായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സ്വന്തം ഉത്തരവ് തിരുത്തിയാണ് സുപ്രിംകോടതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."