ദേശീയ ഗെയിംസ്: കനോയിങ്- കയാക്കിങ് മത്സരങ്ങളുടെ നടത്തിപ്പില്‍ വന്‍ അഴിമതി
കൊച്ചി: ദേശീയ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ നടന്ന കനോയിങ്- കയാക്കിങ് മത്സരങ്ങളുടെ നടത്തിപ്പില്‍ വന്‍ അഴിമതി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് അഴിമതി ഏറെയും നടത്തിയിട്ടുളളത്. അഴിമതിയുമായി ബന്ധപ്പെട്ട് മത്സര നടത്തിപ്പിന്റെ ചുക്കാന്‍ പിടിച്ച സംസ്ഥാന കനോയിങ്- കയാക്കിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡി വിജയകുമാറിനെതിരേ വിജിലന്‍സ് കേസെടുത്തു. പ്രമുഖ കുട വ്യവസായിയുടെ പുരിയിടത്തിലൂടെ രണ്ടു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചും പുതിയ ബോട്ടുകള്‍ വാങ്ങിയും മത്സരാര്‍ഥികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കിയുമാണ് തട്ടിപ്പിനു കളമൊരുക്കിയത്.
അനാവശ്യമായി വാങ്ങിക്കൂട്ടിയ ബോട്ടുകള്‍ സൂക്ഷിക്കാന്‍ ചതുപ്പു നിലം നികത്തി ബോട്ടു ഹൗസ് നിര്‍മിച്ചെങ്കിലും ഇവിടെ ബോട്ടുകള്‍ എത്തിയില്ല. വാങ്ങിയ ബോട്ടുകളാകട്ടെ കൊല്ലത്ത കെ.ടി.ഡി.സിയുടെ ആസ്ഥാന കേന്ദ്രത്തില്‍ അനാഥമാക്കപ്പെട്ട നിലയിലാണ്. രണ്ടായിരം മീറ്റര്‍ മത്സരങ്ങള്‍ നടത്താന്‍ രണ്ടര കിലോമീറ്റര്‍ നീളത്തില്‍ കായലിനോട് ചേര്‍ന്നു ഭിത്തികെട്ടിയ ഇനത്തിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്.
മത്സരങ്ങള്‍ നടത്തുന്നതിനായുളള ട്രാക്ക് നിര്‍മിക്കാന്‍ ഇന്ത്യന്‍ റോവിംഗ് ടീം കോച്ച് നേരിട്ടെത്തി ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് ട്രാക്കുകള്‍ നിര്‍മിച്ചത്. ആര്‍മിയുടെ ചെലവിനത്തിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുളളത്. താരങ്ങള്‍ക്കു താമസ സൗകര്യമൊരുക്കുന്നതിനായി 87,000 രൂപ ചെലവിട്ടതിനു ശേഷം 11 ലക്ഷം രൂപ കണക്കില്‍ വകയിരുത്തിയത് കനോയിങ് അന്തര്‍ദേശീയ താരമായ കെ.എസ് റെജിയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസിനു വഴിത്തിരിവായത്.
അതേസമയം വിവിധ കായിക സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തിട്ടും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ് കൗണ്‍സില്‍ അംഗം പദവിയില്‍ തുടരുകയാണ്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടും പദവിയില്‍ തുടരുന്ന ഭാരവാഹിയെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു കനോയിങ് താരങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി തുടര്‍ നടപടികള്‍ക്കായി നിര്‍ദേശം നല്‍കിയതായും റെജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."