നികത്തല്‍ ഭീഷണിയില്‍ തണ്ണീര്‍കോണം ഏലായും
ചാത്തന്നൂര്‍: വരിഞ്ഞം തണ്ണീര്‍കോണം ഏലായും നികത്തല്‍ ഭീഷണിയില്‍. സമീപവാസികള്‍ ഏലായുടെ പല ഭാഗങ്ങളും ഇതിനോടകം തന്നെ മണ്ണിട്ടു മൂടി. അധികൃതരുടെ നിരോധന ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് നികത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ അടുതല കുന്നിന്റെ താഴ്‌വാരത്തെ ഏലായാണിത്.കടുത്ത വേനലിലും വറ്റാത്ത തണ്ണീര്‍കോണം ഏലായില്‍ ഈയടുത്ത കാലം വരെ നെല്‍കൃഷി മുടങ്ങാതെ നടന്നിരുന്നു. പിന്നീട് സമീപവാസികള്‍ ഏലായുടെ വശങ്ങള്‍ മണ്ണിട്ട് നികത്തിയതോടെ നീരുറവയും നടുത്തോടും ഇല്ലാതായി. ഇതോടെ പ്രദേശത്തെ കിണറുകള്‍ പലതും വറ്റിവരണ്ടു. നീര്‍ച്ചാലുകള്‍ മണ്ണിട്ടുമൂടിയതോടെ ജലം ഒഴുക്ക് തടസപ്പെട്ടതിനാല്‍ നെല്‍കൃഷിയും മുടങ്ങി.
ഏലായുടെ താഴ് വശത്തെ വരിഞ്ഞംചാത്തന്നൂര്‍ ഏലായുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് കുടില്‍കെട്ടി താമസിച്ചാണ് സമീപവാസി വയല്‍നികത്തുന്നത്. മണ്ണിട്ട സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു. പാലക്കുഴിക്കല്‍-തണ്ണീര്‍കോണം റോഡ് അവസാനിക്കുന്ന ഭാഗത്തും അനധികൃത നിര്‍മാണം തുടങ്ങിയിട്ടുണ്ട്. നിലത്തില്‍നിന്ന് മണ്ണും ചെളിയും കോരി വരമ്പിട്ട ശേഷമാണ് നിര്‍മാണം.
വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. വില്ലേജ് അധികൃതരുടെ നടപടിക്ക് വില കല്‍പ്പിക്കാതെ മൂന്നു വര്‍ഷത്തിനു മുകളില്‍ വളര്‍ച്ചയുള്ള വലിയ വൃക്ഷത്തെ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇപ്പോഴും തോടിന്റെ കരയില്‍ ഈ വൃക്ഷത്തൈകള്‍ നിരത്തിവെച്ചിരിക്കുകയണ്. നാട്ടുകാര്‍ ഇല്ലാത്ത തക്കം നോക്കി അവ വെച്ചുപിടിപ്പിക്കാനാണ് ശ്രമം.
പ്രദേശവാസികളുടെ കുടിവെള്ളം മുടക്കുന്ന നിലംനികത്തലിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കര്‍ഷക സംഘവും കര്‍ഷകത്തൊഴിലാളി യൂനിയനും സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."