ചെറുമുറ്റത്തെ സാംസ്‌കാരിക നിലയം സംരക്ഷകരില്ലാതെ നശിക്കുന്നു
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത് പുളിക്കല്‍ പഞ്ചായത്തിലെ ചെറുമുറ്റത്ത് നിര്‍മിച്ച സാംസ്‌കാരിക നിലയം ആറുവര്‍ഷമായി നോക്കി കുത്തിയാവുന്നു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2008-09 സാമ്പത്തിക വര്‍ഷം ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടമാണ് സംരക്ഷകരില്ലാതെ നാശത്തിന്റെ വക്കിലെത്തിയത്.
ചെറുമുറ്റം-ഒളവട്ടൂര്‍ റോഡിന് സമീപം മൂന്ന് സെന്റ് സ്ഥലത്ത് മൂന്നരലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടമാണ് സംരക്ഷകരില്ലാതെ നശിക്കുന്നത്. കെട്ടിടത്തിന്റെ വാതിലും ജനലും തകര്‍ന്ന് ചുറ്റും കാടുമൂടി കിടക്കുകയാണ്. 2010 ഏപ്രിലില്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. സാംസ്‌കാരിക നിലയത്തിനായി വാങ്ങിയ കസേരകളും മേശയും അലമാരയും തുരുമ്പെടുത്ത് നശിക്കുകയാണ്. ചുറ്റിമതിലിന്റെ കല്ലുകള്‍ ഇളകി മാറ്റിയ നിലയിലുമാണ്.
സാംസ്‌കാരിക നിലയത്തിനായി നിര്‍മിച്ച കെട്ടിടം പാഴായി കിടക്കുകയല്ലാതെ ഉപയോഗപ്പെടുത്താനോ സംരക്ഷിക്കാനോ ആളില്ല.
ഇത്തരത്തിലൊരു കെട്ടിടം ബ്ലോക്ക് പഞ്ചായത്തിലുണ്ടെന്ന് അധികൃതര്‍ക്കും അറിയില്ല.പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ഈ സാംസ്‌കാരിക നിലയത്തെ ഉപയോഗപ്പെടുത്താമെങ്കിലും ഇതിന് അധികൃതര്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."