കോള്‍ നിലങ്ങളില്‍ ബണ്ട് നിര്‍മാണത്തിന് ഇനി അഞ്ചുമാസം കൂടി
ചങ്ങരംകുളം: പൊന്നാനി കോള്‍നിലങ്ങളില്‍ ബണ്ട് പൊട്ടി ഏക്കറോളം വരുന്ന നെല്‍കൃഷി നശിക്കുന്നതു പതിവാകുന്നു. വേനല്‍ക്കാലത്താണു കോള്‍ നിലങ്ങളിലെ ബണ്ടുകള്‍ വിണ്ടുകീറി തകരുന്നത്. ബണ്ട് പൊട്ടി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിനടിയില്‍ ഏക്കറോളം നെല്‍കൃഷി നശിക്കുന്നതു കുറച്ചൊന്നുമല്ല കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്.
എന്നാല്‍ മുന്‍കാലങ്ങളിലെ നഷ്ടങ്ങള്‍ക്കു മുഖം കൊടുക്കാതെ ചുമതലയുള്ള കെ.എല്‍.ഡി.സി അധികൃതര്‍ ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണു കര്‍ഷകരുടെ നെഞ്ചില്‍ തീപുകക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബണ്ട് നിര്‍മാണത്തിന് അനുവദിച്ച കാലാവധി അവസാനിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കി നില്‍ക്കെ പൊന്നാനി കോള്‍നിലങ്ങളില്‍ ഇപ്പോഴും കിലോമീറ്ററോളം നിശ്ചലമായി കിടക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നത്തിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ ബണ്ട് നിര്‍മാണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. കോള്‍വികസനത്തില്‍ ഉള്‍പ്പെടുന്ന സൂയിസുകള്‍, എജിന്‍ തറ, റാംപ് തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. ഇതിനായി 57 പാടശേഖരങ്ങളിലേക്കായി 62 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഫണ്ടിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാങ്കി നില്‍ക്കെയാണ് 40 കിലോമീറ്ററോളം ബണ്ടുകളുടെ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. ചുമതലയുള്ള കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ബണ്ട് നിര്‍മാണത്തിന് കരാറുകാരെ നിയോഗിച്ചെങ്കിലും ആവശ്യമായ മണ്ണ് ലഭിക്കാത്ത കാരണം പറഞ്ഞാണു കരാറുകാര്‍ പിടിച്ചുനിന്നത്.
വേനല്‍ക്കാലത്താണു നിര്‍മാണം നടത്താന്‍ സാധിക്കുക, അതിവേഗത്തില്‍ മഴക്കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതു നിര്‍മാണത്തെ ബാധിച്ചു.
കാലാവധിക്കുള്ളില്‍ നിര്‍മാണംപൂര്‍ത്തായാക്കിയാല്‍ മാത്രമേ കോള്‍ നിലങ്ങളിലെ മറ്റു വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കൂ.
യഥേഷ്ടം ചെമണ്ണ് ലഭിച്ചിട്ടും എരംമംഗലം നരണിപ്പുഴ-തൃക്കണാപുരം ബണ്ട് നിര്‍മാണം പാതിവഴിയിലാണ്. എല്ലാ പാടശേഖരങ്ങളിലെയും അടിസ്ഥാനവികസനം 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. എന്നാല്‍ കാലാവധി നീട്ടി തരണമെന്നാവശ്യപ്പെട്ട് പൊന്നാനി കോല്‍സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വകുപ്പു മന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."