ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി ഹോര്‍മിസിന്റെ ജന്മശതവാര്ഷികാഘോഷത്തിന് തുടക്കമായി
കൊച്ചി : ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ.പി ഹോര്‍മിസിന്റെ ജന്മശതവാര്ഷികാഘോഷങ്ങള്ക്കു തുടക്കമായി.ഫെഡറല്‍ ബാങ്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതവാര്ഷികാഘോഷങ്ങള്ക്കു ഹോര്‍മിസിന്റെ ജന്മനാടായ മൂക്കന്നൂരിലാണു തുടക്കം കുറിച്ചത്.
എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ ദത്തെടുത്ത് സ്മാര്‍ട് ടൗണ്‍ഷിപ്പാക്കി മാറ്റുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ആഘോഷങ്ങളുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. എല്ലാവര്‍ഷവും ബാങ്കിന്റെ നേതൃത്വത്തില്‍ ആഘോഷിക്കാറുള്ള സ്ഥാപകദിനത്തോടനുബന്ധിച്ച് ഇത്തവണ ഇന്ത്യയിലുടനീളം ഒട്ടേറെ സിഎസ്ആര്‍ പദ്ധതികള്‍ക്കാണ് ബാങ്ക് രൂപം കൊടുത്തിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ ഹെഡ് രാജു ഹൊര്‍മീസ്, എച്ച്.ആര് ഹെഡ് തമ്പി കുര്യന്, എറണാകുളം സോണല്‍ ഹെഡും ഡിജിഎമ്മുമായ എന്‍.വി സണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഇടപാടുകാര്‍ തുടങ്ങിയവരില്‍ നിന്ന് സന്നദ്ധരായവര്‍ തങ്ങളുടെ കണ്ണുകളും അവയവങ്ങളും മരണാനന്തരം ദാനം ചെയ്യുന്നതിന് സമ്മതപത്രം നല്കുന്ന പദ്ധതിയും ഹോര്‍മിസ് ജന്മശതവാര്ഷികത്തോടനുബന്ധിച്ചുണ്ട്.
അഭിഭാഷകവൃത്തിയില്‍ സംതൃപ്തനാകാതിരുന്ന ഹോര്‍മിസ്, 1945ല്‍ തിരുവല്ലയ്ക്കടുത്ത് നെടുമ്പുറം ആസ്ഥാനമായിരുന്ന പ്രവര്‍ത്തനരഹിതമായ തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി 5000 രൂപയ്ക്ക് വാങ്ങിക്കൊണ്ട് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്ത ഹോര്മിസാണ് ബാങ്കിന്റെ ആസ്ഥാനം ആലുവയിലേയ്ക്ക് മാറ്റിയത്.
1947ലാണ് ബാങ്ക് ദി ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരു സ്വീകരിച്ചത്.ഒരു ശാഖ മാത്രമുണ്ടായിരുന്ന ചെറിയൊരു ബാങ്കിനെ, ചെയര്മാന് സ്ഥാനത്തുനിന്നു വിരമിച്ച് 1979 ആയപ്പോഴേക്കും ഇന്ത്യയിലൊട്ടാകെയായി 285 ശാഖകളുള്ള വലിയൊരു ബാങ്കിംഗ് സ്ഥാപനമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."