ജോസേട്ടന്റെ മാസ് ഫിനിഷിംഗിൽ ബാഗ്ലൂരുവിനെ തകർത്ത് രാജസ്ഥാൻ
ജയ്‍പൂർ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം.സഞ്ജു സാംസണ്‍, ജോസ് ബട്‍ലർ! രണ്ടംഗ വെടിക്കെട്ടില്‍ ഐപിഎല്‍ 2024ലെ 'റോയല്‍' പോരാട്ടത്തില്‍ ആർസിബിയെ തീർത്ത് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് സ്വന്തം തട്ടകത്തില്‍ 112 റണ്‍സിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സ് കണക്ക് പലിശ സഹിതം വീട്ടി ആറ് വിക്കറ്റിന്‍റെ ത്രില്ലർ ജയം ജയ്പൂരില്‍ സ്വന്തമാക്കുകയായിരുന്നു. ആർസിബിയുടെ 183 റണ്‍സ് അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. സഞ്ജു 42 ബോളില്‍ 69 റണ്‍സില്‍ പുറത്തായപ്പോള്‍ ബട്‍ലർ 58 പന്തില്‍ 100* റണ്‍സുമായി പുറത്താവാതെ നിന്നു. സിക്സോടെ സെഞ്ചുറി തികച്ചുകൊണ്ടായിരുന്നു ബട്‍ലറുടെ ഫിനിഷിംഗ്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റിന് 183 റണ്‍സിലെത്തുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ വിരാട് കോലി 72 പന്തില്‍ 12 ഫോറും 4 സിക്സറും സഹിതം പുറത്താവാതെ 113* റണ്‍സുമായി എട്ടാം ഐപിഎല്‍ ശതകം മനോഹരമാക്കി. 12 ഫോറും നാല് സിക്സും കോലി പറത്തി. ആദ്യ വിക്കറ്റില്‍ വിരാട് കോലി- ഫാഫ് ഡുപ്ലസിസ് സഖ്യം 13.6 ഓവറില്‍ 125 റണ്‍സ് പടുത്തുയർത്തി. 33 ബോളില്‍ 44 റണ്‍സുമായി ഫാഫ് പുറത്താവുകയായിരുന്നു. ഫാഫിനെ മടക്കിയതോടെ ശക്തമായി തിരിച്ചെത്തിയ റോയല്‍സ് ബൗളർമാർ അവസാന ആറോവറില്‍ 58 റണ്‍സെ വിട്ടുകൊടുത്തുള്ളൂ. ആദ്യ രണ്ടോവറില്‍ 26 റണ്‍സ് വഴങ്ങിയ പേസർ നാന്ദ്രേ ബർഗർ പിന്നീടുള്ള രണ്ടോവറില്‍ 8 മാത്രമേ വിട്ടുകൊടുത്തുള്ളൂ എന്നത് ശ്രദ്ധേയമായി.
ആർസിബി നിരയില്‍ ഗ്ലെന്‍ മാക്സ്‍വെല്‍ 3 പന്തില്‍ 1നും അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാന്‍ 6 പന്തില്‍ 9നും മടങ്ങി. കോലിക്കൊപ്പം 6 പന്തില്‍ 5* റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താവാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിനായി യൂസ്‍വേന്ദ്ര ചഹല്‍ രണ്ടും നാന്ദ്രേ ബർഗർ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (2 പന്തില്‍ 0) നഷ്ടമായി. റീസ് ടോപ്‍ലിയുടെ പന്തില്‍ ഗ്ലെന്‍ മാക്സ്‍വെല്ലിനായിരുന്നു ക്യാച്ച്. എന്നാല്‍ ഫോമിലെത്തിയ ജോസ് ബട്‍ലർക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും ചേർന്ന് രാജസ്ഥാനെ 11-ാം ഓവറില്‍ 100 കടത്തി. ബട്‍ലർ 30 പന്തിലും സഞ്ജു 33 ബോളിലും അർധസെഞ്ചുറി തികച്ചു. സിക്സോടെയായിരുന്നു സഞ്ജുവിന്‍റെ ഫിഫ്റ്റി. 15-ാം ഓവറില്‍ ടീം 150 റണ്‍സിന് തൊട്ടരികെ നില്‍ക്കേ സഞ്ജുവിനെ (42 പന്തില്‍ 69) മുഹമ്മദ് സിറാജ്, യഷ് ദയാലിന്‍റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം റിയാന്‍ പരാഗും (4 ബോളില്‍ 4), ധ്രുവ് ജൂറെലും (3 പന്തില്‍ 2) വേഗം മടങ്ങിയെങ്കിലും ബട്‍ലർ 20-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സും സെഞ്ചുറിയുമായി മത്സരം ഫിനിഷ് ചെയ്തു. ബട്‍ലർക്കൊപ്പം ഷിമ്രോന്‍ ഹെറ്റ്മെയർ (6 പന്തില്‍ 11*) പുറത്താവാതെ നിന്നു. നാല് കളിയും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് കെകെആറിനെ പിന്തള്ളി വീണ്ടും ഒന്നാമതെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."