മണല്‍ കടത്ത്; വാഹനങ്ങള്‍ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: മണല്‍ കടത്തുന്നതിനിടെ ടിപ്പര്‍ ലോറികളും, ജെ.സി.ബിയും അധികൃതര്‍ പിടിച്ചെടുത്തു. ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വിവിധ പ്രദേശങ്ങളില്‍ നിന്നും കുന്നിടിച്ച് മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മുതല്‍ വൈകിട്ട് വരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മാവുങ്കാല്‍ കല്ല്യാണ്‍ റോഡില്‍ വാഹന പരിശോധന നടത്തിയാണ് അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടിയത്.
തുടര്‍ന്ന് റവന്യൂ അധികൃതര്‍ പുല്ലൂര്‍പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തുകയായിരുന്ന ലോറികളും മണ്ണ് മാന്തി യന്ത്രങ്ങളും പിടികൂടി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കുന്നിടിച്ച് മണ്ണുകടത്തുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ ഈ ഭാഗത്തും മണ്ണെടുപ്പിനെതിരേ നടപടി ശക്തമാക്കിയത്. രാത്രി രണ്ട് മുതല്‍ പുലരും വരെ നീണ്ടുനില്‍ക്കുന്ന മണ്ണെടുപ്പാണ് തകൃതിയായി നടക്കുന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ അരോചക ശബ്ദം കാരണം രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് സമീപവാസികളുടെ പരാതി. മണ്ണ് കയറ്റി രാവിലെ അതിവേഗതയില്‍ ചീറിപ്പായുന്ന ഇത്തരം ടിപ്പര്‍ ലോറികള്‍ അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."