മിച്ചഭൂമി അളന്ന് തിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
മാനന്തവാടി: ജെസ്സിയിലെ മിച്ചഭൂമി അളന്ന് തിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ നമ്പര്‍ നാലു മുതല്‍ 111 വരെയുള്ള 489 ഏക്കര്‍ സ്ഥലമാണ് മാനന്തവാടി വില്ലേജില്‍ മിച്ചഭൂമിയായി കണ്ടെത്തിയിട്ടുള്ളത്. തവിഞ്ഞാല്‍, കാഞ്ഞിരങ്ങാട് വില്ലേജുകളില്‍ ഉള്‍പ്പെടെ 649 ഏക്കര്‍ ഭൂമിയാണ് അളന്ന് തിരിക്കാനുള്ളത്. ഈ ഭൂമികളില്‍ 1970 മുതല്‍ പട്ടയം ലഭിച്ച് വീട് വച്ച് താമസിക്കുന്ന 200ഓളം കുടുംബങ്ങളുണ്ട്. വര്‍ഷങ്ങളായി കൃഷിയിറക്കി ഭൂമി കൈവശം വെച്ച് വരുന്നവരുമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവരുടെ നികുതി സ്വീകരിച്ചിരുന്നുവെങ്കിലും നാലുമാസം മുന്‍പ് കൈവശക്കാരുടെ നികുതിയും സ്വീകരിക്കാതായി. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മിച്ചഭൂമിയായി കണ്ടെത്തിയ തങ്ങളുടെ സ്ഥലം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പാരിസണ്‍ കമ്പനി ഹൈക്കോടതിയിലുള്‍പ്പെടെ കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും അനൂകൂല വിധി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് താലൂക്ക് സബ് കലക്ടര്‍ ഭൂമി അളന്ന് തിരിക്കാന്‍ ഉത്തരവ് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കൃഷ്ണപ്പന്‍, എം.ജെ അഗസ്റ്റിന്‍, വില്ലേജ് ഓഫിസര്‍ സി. സുജിത്ത് ജോസ്, റീസര്‍വേ സര്‍വേയര്‍മാരായ കെ.ആര്‍ രാജേഷ്, കെ.സി ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിരിക്കാനെത്തിയത്. എന്നാല്‍ വര്‍ഷങ്ങളായി വീട് വച്ചും കൃഷി ചെയ്തും കൈവശം വച്ചുവരുന്ന ഭൂമിക്ക് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭൂമി അളന്ന് തിരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മിച്ചഭൂമിയായി പാരിസണ്‍ കമ്പനി നല്‍കിയ ലിസ്റ്റില്‍ അപാകതയുള്ളതായും തങ്ങളുടെ സ്ഥലം മാത്രം ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് കമ്പനി നല്‍കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. കൗണ്‍സിലര്‍മാരായ കെ.വി ജുബൈര്‍, മുജീബ് കൊടിയോടന്‍, ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, രമേശന്‍, രാവുണ്ണി, സുബ്രഹ്മണ്യന്‍, മൊയ്തീന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് എ.ഡി.എം കെ. രാജു സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി കൈവശക്കാരുടെ നികുതി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."