അംജദ് അലിഖാന് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന് ഉസ്താദ് അംജദ് അലിഖാന് സംസ്ഥാനത്ത് സംഗീത വിദ്യാലയം തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരേ മനസാണ്. അംജദ് അലിഖാന്റെ സേവനം ഉപയോഗപെടുത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും സംഗീത വിദ്യാലയത്തിന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അംജദ് അലിഖാന് ട്രസ്റ്റിന് ഭൂമി അനുവദിച്ചതില്‍ ചില വ്യക്തതകള്‍ വരുത്താനുണ്ടെന്നു ടൂറിസം മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. അംജദ് അലി ഖാന്, ഭാര്യ, മക്കളായ അമന്, അയാന് എന്നിവര്‍ക്ക് പുറമേ സംഗീത നാടക അക്കാദമി മുന്‍ ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി, മുന്‍ സെക്രട്ടറി പി.വി കൃഷ്ണന് നായര്‍, മുന്‍ ടൂറിസം ഡയറക്ടര്‍ ഷെയ്ഖ് പരീത് എന്നിവര്‍ അംഗങ്ങളായ ട്രസ്റ്റിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഉദ്യോഗസ്ഥന് എന്ന നിലയിലാണ് ഷെയ്ഖ് പരീത് ട്രസ്റ്റില്‍ അംഗമായിട്ടുള്ളത്. സൂര്യ കൃഷ്ണമൂര്‍ത്തിയും പി.വി കൃഷ്ണന്‍നായരും വ്യക്തികള്‍ എന്ന നിലയിലാണ് അംഗങ്ങള്‍. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട് അഡ്രസിലാണ് ട്രസ്റ്റ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി മൊയ്തീന് പറഞ്ഞു. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തിയശേഷം മാത്രമേ സര്‍ക്കാരിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ എല്ലാ ഭൂമി ഇടപാടുകളും മന്ത്രിസഭാ ഉപസമിതി അന്വേഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി അംജദ് അലിഖാന് ട്രസ്റ്റിന്റെ സംഗീത വിദ്യാലയത്തിന് ഭൂമി അനുവദിച്ചതും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."