കാനഡ മോഹികള്‍ക്ക് സന്തോഷവാര്‍ത്ത; മിനിമം വേതനനിരക്കില്‍ വര്‍ധന; പുതുക്കിയ കണക്കുകള്‍ ഇങ്ങനെ
കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിവിധ തൊഴില്‍ മേഖലകളിലെ കുറഞ്ഞ വേതന നിരക്ക് (മിനിമം വേതനം) വര്‍ധിപ്പിച്ച് ഉത്തരവിട്ടിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓരോ വര്‍ഷവും കനേഡിയന്‍ സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ വര്‍ധനവ് വരുത്താറുണ്ട്.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ മിനിമം വേതനം 2024 ഏപ്രില്‍ 1 മുതല്‍ മണിക്കൂറിന് 16.65 ഡോളറില്‍ നിന്ന് 17.30 ഡോളറായി വര്‍ധിപ്പിക്കും. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1386 ആയിരുന്ന മിനിമം വേതനം ഇനിമുതല്‍ 1441 രൂപയായി ഉയരും.
കാനഡയുടെ 2023ലെ വാര്‍ഷിക ശരാശരി ഉപഭോകൃത വില സൂചികയില്‍ 3.9 ശതമാനം വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ശമ്പളത്തിലും വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഒരു തൊഴിലുടമ നിയമപരമായി ജീവനക്കാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ വേതനമാണ് മിനിമം വേതനം. പ്രവിശ്യകള്‍ക്ക് അനുസരിച്ച് മിനിമം വേതനവും വ്യത്യാസപ്പെട്ടിരിക്കുന്നു.
നോവ സ്‌കോട്ടിയ: 2024 ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കുറഞ്ഞ നിരക്ക് നാണയപ്പെരുപ്പത്തിനൊപ്പം പ്രതിവര്‍ഷം 1 ശതമാനം അധികമായി, അതായത് 15.20 ഡോളറായി ക്രമീകരിക്കും.
ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ മിനിമം വേതനം 2024 ജൂണ്‍ 1ന് 16.75 ഡോളറില്‍ നിന്ന് 17.40 ഡോളറായി ഉയര്‍ത്തും. ക്യൂബെക്ക്: 2024 മെയ് 1 മുതല്‍ ക്യൂബെക്കിന്റെ മിനിമം വേതനം 15.75 ഡോളറായി ആയി വര്‍ദ്ധിക്കും. ന്യൂഫൗണ്ട്‌ലാന്‍ഡ് ലാബ്രഡോര്‍ 15.60 ഡോളര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് 15.40 ഡോളര്‍, യുക്കോണ്‍ 17.59 എന്നിങ്ങനെയായിരിക്കും ഇനിയുള്ള കുറഞ്ഞ വേതനം.
ഫെഡറല്‍ നിയന്ത്രിത സ്വകാര്യമേഖലയിലെ ഏകദേശം 30,000 ജീവനക്കാര്‍ക്ക് ഈ വര്‍ദ്ധനവ് പ്രയോജനപ്പെടും. 2024 ഏപ്രില്‍ 1 മുതല്‍ എല്ലാ ജീവനക്കാര്‍ക്കും കൃത്യമായ മണിക്കൂര്‍ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ അവരുടെ ശമ്പള വിവരങ്ങള്‍ സര്‍ക്കാറിന് കൈമാറേണ്ടി വരും.
കാനഡ ഗവണ്‍മെന്റ് 2021 ലാണ് ഫെഡറല്‍ മിനിമം വേതനം അവതരിപ്പിച്ചത്. മുന്‍ കലണ്ടര്‍ വര്‍ഷത്തിലെ കാനഡയുടെ വാര്‍ഷിക ശരാശരി ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഇത് വര്‍ഷം തോറും ക്രമീകരിക്കുന്നത്. 2022ല്‍ ഫെഡറല്‍ മിനിമം വേതനം 15.55 ഡോളറായും 2023ല്‍ അത് 16.65 ഡോളറായും ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."