ഒരേ പ്രൂഫില്‍ നിരവധി സിംകാര്‍ഡുകള്‍; കടയുടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു
ബേക്കല്‍: ഒരേ പ്രൂഫില്‍ നിരവധി സിം കാര്‍ഡുകള്‍ പലര്‍ക്കും വിതരണം നടത്തിയ കടയുടമ പൊലിസ് കസ്റ്റഡിയില്‍.
പനയാലിലെ നന്ദനം ബുക്ക്‌സ് കട കടയുടമയും പെരിയാട്ടടുക്കത്തെ പ്രമുഖ പത്രങ്ങളുടെ ഏജന്റുമായ പനയാലിലെ ചന്ദ്രനെയാണ് (42) ബേക്കല്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വൈകുന്നേരത്തോടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
വര്‍ഷങ്ങളായി പെരിയാട്ടടുക്കം പനയാല്‍ മവ്വല്‍ ഭാഗങ്ങളില്‍ പത്രവിതരണത്തിന്റെ ഏജന്‍സി നടത്തിയുരുന്ന ചന്ദ്രന്‍ ഷോപ്പില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും വില്‍പ്പന നടത്തി വന്നിരുന്നു.
സിം കാര്‍ഡിന് വേണ്ടി ഉടമകള്‍ ഷോപ്പില്‍ നല്‍കുന്ന പ്രൂഫുകളില്‍ യഥാര്‍ത്ഥ ഉടമകള്‍ അറിയാതെ ഇതേ പ്രൂഫില്‍ നാലും അഞ്ചും സിം കാര്‍ഡുകളെടുത്തു പലര്‍ക്കും മറിച്ചു വില്‍ക്കുകയായിരുന്നു.
പെരിയ ആയംപാറ സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയിലാണ് പൊലിസ് കഴിഞ്ഞ ദിവസം സന്ധ്യയോടെ ഇയാളുടെ കടയില്‍ റൈഡ് നടത്തിയത്.
ഇതിനിടെ കാസര്‍കോട് ജില്ലാ പൊലിസ് ചീഫിന് രഹസ്യ വിവരവും ലഭിച്ചിരുന്നു. കടയില്‍ നടത്തിയ റെയ്ഡില്‍ വ്യാജ പ്രൂഫില്‍ നിരവധി സിംകാര്‍ഡുകള്‍ ഇയാള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മറിച്ചു വില്‍ക്കുന്ന ഇത്തരം സിം കാര്‍ഡുകള്‍ക്കു അഞ്ഞൂറ് രൂപക്ക് മുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ചന്ദ്രന്‍ ഈടാക്കി വന്നതായി പ്രദേശ വാസികള്‍ പറയുന്നു.
പരാതി നല്‍കിയ യുവതിയുടെ മൊബൈല്‍ ഫോണില്‍ മറ്റൊരു നമ്പറില്‍ നിന്നും അശഌല ചിത്രം വന്നതിനെ തുടര്‍ന്ന് വിവരം പൊലിസില്‍ അറിയിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. ദുരുപയോഗം ചെയ്യപ്പെട്ട പ്രൂഫുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പ്രൂഫുകളാണെന്നും സൂചനയുണ്ട്.
വ്യാജ പ്രൂഫില്‍ സിം കാര്‍ഡ് നല്‍കിയ ആളാണ് യുവതിയുടെ ഫോണിലേക്കു അശഌല ചിത്രം അയച്ചതെന്ന് കണ്ടെത്തിയതോടെയാണ് സിം വില്‍പ്പനക്ക് പിന്നില്‍ പത്ര ഏജന്റാണെന്നു പൊലിസ് കണ്ടെത്തിയതും ഇയാളെ കസ്റ്റഡിയില്‍ എടുത്തതും.
സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കുന്ന സ്ത്രീകളെ വശത്താക്കാനും അവരെ ശല്യം ചെയ്യാനും വേണ്ടിയാണ് ഇത്തരത്തിലുള്ള സിം കാര്‍ഡുകള്‍ ചന്ദ്രന്‍ ആവശ്യപ്പെടുന്ന തുക നല്‍കി പുരുഷന്മാര്‍ കരസ്ഥമാക്കുന്ന സാഹചര്യം ഉണ്ടായതെന്നും ഇതിന് ഇയാള്‍ കൂട്ട് നില്‍ക്കുന്നതുമായാണ് മവല്‍,ബേക്കല്‍ ഭാഗങ്ങളിലുള്ള പ്രദേശ വാസികള്‍ പറയുന്നത്. പൊലിസ് ഇയാളെ വിശദമായി ചോദ്യംചെയ്തു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."