കുരങ്ങുകളെ കൂടുവച്ചു പിടിക്കാനെത്തിയ വനംവകുപ്പ് ജീവനക്കാര്‍ക്ക് മര്‍ദനം
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് കുരങ്ങുകളെ കൂടുവച്ചു പിടികൂടാനെത്തിയ രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകള്‍ ചേര്‍ന്നു മര്‍ദിച്ചു. കുറിച്യാട് റെയ്ഞ്ച് ഓഫിസിലെ താത്തൂര്‍ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.കെ പ്രഭേന്ദ്രനാഥ്(33), പി. മനേഷ്(35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
വടക്കനാട് സ്‌കൂള്‍ പരിസരത്തു കുരങ്ങുശല്യം അതിരൂക്ഷമാണ്. ഇതേതുടര്‍ന്നു നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി പ്രദേശത്തു രണ്ടു കൂടുകള്‍ ഇറക്കി. ഈ കൂടുകള്‍ ശരിയാക്കിവയ്ക്കുന്നതിനായി ഇന്നലെ രാവിലെ പത്തോടെ വടക്കനാട് എല്‍.പി സ്‌കൂളിനു സമീപത്തെത്തിയതായിരുന്നു ഇരുവരും. കൂട് ശരിയാക്കിക്കൊണ്ടിരുന്ന സമയത്ത് മൂന്നു ബൈക്കുകളിലെത്തിയ പ്രദേശത്തെ നാലുപേര്‍ ചേര്‍ന്നു യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാറിനെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഇവരുടെ തലയ്ക്കും കഴുത്തിനും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.
ധനേഷ്‌കുമാറും സംഘവും സംഭവ സ്ഥലത്തെത്തി മര്‍ദനമേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ എ.കെ കുമാരനും സംഘവുമെത്തി തടഞ്ഞുവച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പി. ധനേഷ്‌കുമാര്‍ പറഞ്ഞു. പിന്നീട് ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍, എസ്.എച്ച്.ഒ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തിയാണു മര്‍ദനമേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വനംവകുപ്പു ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബത്തേരി പൊലിസ് കേസെടുത്തു.
ഈമാസം നാലിന് തോക്കും മാന്‍കൊമ്പുമായി വനം വകുപ്പ് പിടികൂടിയ പ്രദേശവാസിയായ ഷാജിയെ ഇയാളുടെ ബന്ധുവും സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ എ.കെ കുമാരനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മകന്‍ ജിതൂഷും സംഘവും ചേര്‍ന്നു മോചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ പേരില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ മാസം നാലിന് വടക്കനാട് അംബേദ്കര്‍ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ പ്രദേശവാസിയായ ബേബി എന്നയാളെ വാഷ് സഹിതം വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഷാജിയുടെ കൈവശം തോക്കും മറ്റുമുള്ള കാര്യം വനംവകുപ്പ് അറിയുന്നത്. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരം വടക്കനാട് പള്ളിവയലില്‍ പുത്തന്‍കുടി ഷാജിയുടെ വീട്ടില്‍ വനംവകുപ്പ് പരിശോധനക്കെത്തി. ഇയാളുടെ വീട്ടില്‍നിന്നു കള്ളത്തോക്ക്, അഞ്ചു തിരകള്‍, അന്‍പതോളം ഈയം ഉണ്ടകള്‍, മാന്‍കൊമ്പ് എന്നിവ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."