കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ കുളിരുമായി തുലാവര്‍ഷമെത്തി
കോട്ടായി: കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകി പാലക്കാട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ തുലാവര്‍ഷമെത്തി. നെന്മാറ, എലവഞ്ചേരി, അയിലൂര്‍, കോട്ടായി, പെരിങ്ങോട്ടുകുര്‍ശ്ശി, നെല്ലിയാമ്പതിയിലും, കൊല്ലങ്കോട്, മുതലമട പ്രദേശങ്ങളിലും കഴിഞ്ഞദിവസം വൈകിട്ട് കനത്ത മഴ പെയ്തു. പുലര്‍ച്ചെ വരെ ചാറ്റല്‍ മഴയും ഉണ്ടായിരുന്നു.
ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ് മഴയില്ലാതെ വിണ്ടുകീറിയ നെല്‍പ്പാടങ്ങളില്‍ നല്ല മഴ കിട്ടിയതോടെ നെല്‍കര്‍ഷകര്‍ ഉണങ്ങിയ പാടത്ത് ഒന്നാം വിളയിലെപ്പോലെ മൂപ്പ് കുറഞ്ഞ തൊണ്ണൂറും നൂറും ദിവസം മൂപ്പുള്ള വിത്ത് വിതച്ച് പറിച്ച് നടീല്‍ ഒഴിവാക്കിയുള്ള കൃഷിയ്ക്കായി ട്രാക്ടര്‍ കരിയും, ഡീസ്‌ക് പ്ലോവര്‍ എന്നിവ ഉപയോഗിച്ച് നെല്‍പ്പാടം ഉഴുത് പരുവപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.
തുലാവര്‍ഷ മഴയെ ആശ്രയിച്ചുള്ള ഭാഗ്യപരീക്ഷണമാണെന്ന് അയിലൂര്‍ പഞ്ചായത്തിലെ തീരുവഴിയാട്, കയ്പഞ്ചേരി, ഇടിംപൊറ്റ, പുഴപ്പാലം മേഖലകളിലെ പാടശേഖര സമിതിയിലെ നെല്‍കര്‍ഷകര്‍ പറയുന്നു. പോത്തുണ്ടി അണക്കെട്ടിലെ വെള്ളമുപയോഗിച്ചാണ് ഈ പ്രദേശങ്ങളിലെ രണ്ടാംവിളയിറക്കാറുള്ളത്.
എന്നാല്‍ ഈ വര്‍ഷം അണക്കെട്ടില്‍ മുപ്പത്തിയഞ്ച് ദിവസത്തില്‍ താഴെ ദിവസം മാത്രമേ കൃഷിക്ക് വെള്ളം വിതരണം ഉണ്ടാവൂ എന്നതിനാലാണ് തുലാവര്‍ഷം ലഭിച്ചയുടനെ ഉണങ്ങിയ നെല്‍പ്പാടത്ത് പൊടി വിത രീതിയില്‍ നെല്‍കൃഷിയിറക്കുന്നത്.
ഈ രീതിയിലാവുമ്പോള്‍ ഞാറ്റടി തയ്യാറാക്കുന്ന സമയംപറിച്ചു നടീല്‍ സമയം എന്നിവ ലാഭിക്കാം. അതോടൊപ്പം നടീല്‍ ചിലവ് കുറവു വരുമെന്ന നേട്ടവും ഉണ്ട്.
എന്നാല്‍ പൊടി വിതയില്‍ വ്യാപകമായി കള ശല്യവും ഉണ്ടാകുമെന്ന ആശങ്കയുമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഒന്നാംവിളയിലെ കൊഴിഞ്ഞ നെല്ലും വിതയ്ക്കുമ്പോള്‍ മുളയ്ക്കുമെന്നതിനാല്‍ മിക്കവരും അതേ വിത്തു തന്നെയാണ് രണ്ടാംവിളയ്ക്കും ഉപയോഗിക്കുന്നത്.
അതോടൊപ്പം കര്‍ഷകരില്‍ പ്രതീക്ഷയുണര്‍ത്തി പോത്തുണ്ടി അണക്കെട്ടില്‍ നിന്നുള്ള ജലസേചന കനാലുകള്‍ വൃത്തിയാക്കുന്ന പണിയും ഓരോ വാര്‍ഡിലെയും മഹാത്മ തൊഴിലുറപ്പ് തൊഴിലാളികള്‍ അതാതിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."