വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നത് ഇഴഞ്ഞു നീങ്ങുന്നു; അപകടം സൃഷ്ടിച്ച് വൈദ്യുതി തൂണുകള്‍
ആലപ്പുഴ: പട്ടണത്തിലെ വൈദ്യുതി വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി എച്ച്.ടി കെ.വി ലൈനും എല്‍.ടി ലൈനും മാറ്റി ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്ന ജോലിയോടൊപ്പം അപകടകരമായും ഗതാഗതത്തിനു തടസ്സമായും നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ചെരിഞ്ഞും ഒടിയാറായും റോഡിലേക്കു ഇറങ്ങിയും നില്ക്കുന്ന അനേകം പോസ്റ്റുകള്‍ പട്ടണത്തിലുണ്ട്. അവയെല്ലാം റോഡിന്റെ വശത്തേക്കു ഒതുക്കി സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ക്കു സൗകര്യമായി കടന്നുപോകാനാകും. വളവുകളിലും മറ്റുമുള്ള അപകടകരമായ പോസ്റ്റുകളും നീക്കേണ്ടതുണ്ട്. പൊതുയിടങ്ങളിലെ പോസ്റ്റുകള്‍ നേരേയാക്കുന്നതിനും മറ്റുമായി വ്യക്തികള്‍ പരാതിപ്പെട്ടാല്‍ മാറ്റി സ്ഥാപിക്കുന്നതിനു ആവശ്യമായ തുക അടയ്ക്കണമെന്ന നിലപാടാണ് കെ.എസ്.ഇ.ബി.യുടേത്. പട്ടണത്തില്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന കേബിള്‍ സ്ഥാപിക്കല്‍ ഒരു വര്‍ഷമായിട്ടും പൂര്‍ണമായിട്ടില്ല. ഇക്കാര്യത്തിനു ഒരു മാസത്തെ വൈദ്യുതി തടസ്സം ഉണ്ടാകാനിടയുള്ളതിനാല്‍ പൊതുജനങ്ങളുടെയും ഉപയോക്താക്കളുടെയും സഹകരണം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നാട്ടുകാര്‍ ഒരു വര്‍ഷമായി സദാ വൈദ്യുതി തടസ്സം അനുഭവിച്ചുവരുകയാണ്. കേബിള്‍ സ്ഥാപന വേളയില്‍ തന്നെ ആവശ്യമായ പോസ്റ്റു മാറ്റവും മറ്റ് അറ്റകുറ്റപ്പണികളും നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അപകടങ്ങളും വൈദ്യുതി തടസ്സവും പ്രസരണ-വിതരണ നഷ്ടവും മറ്റും ഗണ്യമായി കുറയ്ക്കാന്‍ എ.ബി.സിക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായി പുനരാവിഷ്‌കൃത ഊര്‍ജിത ഊര്‍ജ വികസന പരിഷ്‌കരണ പദ്ധതിയുടെ (ആര്‍-എ.പി.ഡി.ആര്‍.പി) ഭാഗമായി 11 കെ.വി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളുണ്ടായിരുന്നു. പട്ടണത്തില്‍ വൈദ്യുതി മുടക്കം ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിക്കു അഞ്ചു വര്‍ഷം മുന്‍പാണ് തുടക്കമിട്ടത്. പക്ഷേ, ആലപ്പുഴയിലെ എല്ലാ വികസന പദ്ധതികളും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതേസമയം, ഇലക്ട്രിക് പോസ്റ്റുകളില്‍ അനധികൃതമായി സ്ഥാപിക്കുന്ന അപകടകരമായ രീതിയിലുള്ള കേബിളുകളും ബോര്‍ഡുകളും നീക്കം ചെയ്യാനും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."