തെരുവുവിളക്കില്‍ ഉടക്കി തൊടുപുഴ നഗരസഭാ കൗണ്‍സില്‍
തൊടുപുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തെരുവുവിളക്ക് വിഷയം വീണ്ടും ആളിക്കത്തി. 35 വാര്‍ഡുകളിലും തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ അവ്യക്തയുള്ളതായി ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണവുമായി രംഗത്തെത്തിയതാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചത്. തര്‍ക്കം മൂലം കൗണ്‍സില്‍ നടപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഒന്‍പതിനു ചേര്‍ന്ന് കൗണ്‍സില്‍ യോഗത്തിലാണ് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനു വാര്‍ഡ് ഒന്നിനു രണ്ടു ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍ തെരുവ് വിളക്കിനാവശ്യമായി ലൈന്‍ വലിക്കാന്‍ ഇതിലും വലിയ തുക പല വാര്‍ഡുകളിലും ചിലവാകും. ഇതു കൂടാതെ ഇപ്പോള്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകളില്‍ ഏറിയ പങ്കും സോഡിയം വേപ്പര്‍ ലാമ്പാണ്. ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ഇവ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനാണ് നഗരസഭ നീക്കം. ഇത്തരത്തില്‍ 6500 ലൈറ്റുകള്‍ സ്ഥാപിക്കുമെന്നാണ് കൗണ്‍സിലില്‍ എ ഇ അറിയിച്ചു. ഇതിനിടെ എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ കെ ഷിംനാസിന്റയും, ഷിബുവിന്റെയും വാര്‍ഡുകളില്‍ തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി പണം വകമാറ്റി ചിലഴിക്കാന്‍ എ ഇ, സെക്രട്ടറി എന്നിവര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തുക വകമാറ്റാന്‍ കഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് ബഹളം രൂക്ഷമായത്. കൗണ്‍സില്‍ തീരുമാനങ്ങളിലുള്ള അവ്യക്തതയെച്ചൊല്ലി വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായരും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. ജെസി ആന്റണിയും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. ഒടുവില്‍ തെരുവ് വിളക്ക് പ്രശ്‌നത്തില്‍ സ്‌പെഷല്‍ കൗണ്‍സില്‍കൂടി തീരുമാനം പുനപരിശോധിക്കാമെന്ന് കൗണ്‍സില്‍ തിരുമാനമെടുക്കുകയായിരുന്നു.
ഹാര്‍വെസ്റ്റ് പദ്ധതി വേണ്ടെന്നുവച്ചതോടെ അധികമായിട്ടുള്ള 2650000 രൂപ എന്തെക്കെ രീതിയില്‍ ചിലവഴിക്കണമെന്ന സ്റ്റിയറിംഗ് കമ്മിറ്റി ശുപാര്‍ശയാണ് രാവിലെ പതിനൊന്നോടെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയത്. 35 വര്‍ഡുകളിലായി പശുവളര്‍ത്തലിനു 1050000 രൂപ, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് 100000 രൂപ, നഗരസഭ ഓഫീസിനു മുന്നില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണം 450000, പാര്‍ക്കിലെ നവീകരണ പ്രവര്‍ത്തനം 200000 രൂപ, ഗാന്ധി സ്‌ക്വയര്‍ നവീകരണം, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് നവീകരണം, നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമസങ്കേതം നിര്‍മ്മിക്കല്‍ എന്നിവയ്ക്കാണ് ഈ തുക നീക്കിയത്.
ഇതിനിടെ മുനിസിപ്പല്‍ സ്‌കൂളിനു 30 ലക്ഷം വാഗ്ദാനം ചെയ്തിട്ട് 15ലക്ഷം നല്‍കിയത് വൈസ് ചെയര്‍മാന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്നെന്ന ആരോപണവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ രംഗത്തെത്തി. വിഷയത്തില്‍ എംപി ഫണ്ടും, എംഎല്‍എ ഫണ്ടും ലഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചെങ്കിലും ഉപേക്ഷിച്ച ഹാര്‍വെസ്റ്റ് പ്ലാനിലെ ഒരു വിഹിതം സ്‌കൂളിനായി മാറ്റണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 20 അജന്‍ഡകളാണ് കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ചത്. പല അജണ്ടകളും കൗണ്‍സില്‍ യോഗത്തില്‍ കൃത്യമായി എത്തുന്നില്ലെന്ന വിമര്‍ശനവും ഇന്നലെ ഉയര്‍ന്നു വന്നു. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ മിനുട്‌സില്‍ രേഖപ്പെടുത്തുന്നതല്ലാതെ പിന്നീട് അതെന്താണെന്ന് പോലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും വിമര്‍ശനമുണ്ടായി. അജണ്ട കൃത്യമായി കൗണ്‍സിലില്‍ എത്തിക്കുകയെന്നത് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ചുമതലയാണെന്നും പലരും ഇതില്‍ വീഴ്ച വരുത്തുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."