റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക 70 കോടി കവിഞ്ഞു
മലപ്പുറം: സൗജന്യ അരിയുള്‍പ്പെടെ റേഷനരി വിതരണം നടത്തിയതിന് വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത് എഴുപത് കോടി രൂപ. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏഴുമാസത്തെ കുടിശ്ശികയാണിത്. ഒരു മാസം ഒരു കോടി രൂപയാണ് റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തുന്നത്. ഓരോ കടക്കാരനും 30,000 മുതല്‍ ഒരു ലക്ഷം വരേയാണ് കുടിശ്ശികയുള്ളത്. ഒരു കിലോ അരി വില്‍പ്പന നടത്തിയാല്‍ കമ്മിഷനായി ആകെ ലഭിക്കുന്നത് 23 പൈസയാണ്. സര്‍ക്കാര്‍ കമ്മിഷനായ 60 പൈസ കൂടി ചേര്‍ത്താല്‍ 83 പൈസ ലഭിക്കും. എന്നാല്‍ കയറ്റിറക്ക് കൂലി, ജീവനക്കാരന്റെയും ലൈസന്‍സിയുടെയും ശമ്പളം, കടവാടക തുടങ്ങിയവ ഇതില്‍നിന്ന് നല്‍കണം. സംസ്ഥാനത്ത് ആകെ 83 ലക്ഷം കാര്‍ഡുകളും 14,312 റേഷന്‍ ഷോപ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഷോപ്പില്‍ ലൈസന്‍സി ഉള്‍പ്പെടെ ചുരുങ്ങിയത് രണ്ടുപേരുണ്ടാകും. ഇവര്‍ക്കുലഭിക്കേണ്ട വേതനമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. കമ്മിഷന്‍ തുകയില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കാനുള്ളത് തിരുവനന്തപുരത്തും മലപ്പുറത്തുമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. കുറവ് പത്തനംതിട്ടയിലും. 15 മുതല്‍ 20 കോടി രൂപയാണ് തിരുവനന്തപുരത്തേയും മലപ്പുറത്തേയും കുടിശ്ശിക.
എന്നാല്‍ തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയൊന്നുമെടുത്തിട്ടില്ല. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വിതരണ രംഗത്തുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണന നല്‍കുന്നത്. ഇതുകൊണ്ടുതന്നെ കുടിശ്ശിക ഇനിയും മാസങ്ങള്‍ വൈകും.
നിലവിലെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതോടെ റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ട് എത്തിക്കണമെന്നാണ് നിയമം. അടുത്തമാസം മുതല്‍ ഇത്തരം സംവിധാനം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."