വ്യാജ ലോട്ടറിക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എഴുത്ത് ലോട്ടറി ഉള്‍പ്പെടെയുള്ള വ്യാജ ലോട്ടറികള്‍ വര്‍ധിക്കുന്നതായുള്ള പരാതികള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേരളാ ലോട്ടറിയെ ദോഷകരമായി ബാധിക്കുന്ന വ്യാജലോട്ടറികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളാ ലോട്ടറിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മലപ്പുറം, കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് അനധികൃത ലോട്ടറികളുടെ വിപണനം വ്യാപകമായിട്ടുള്ളത്. 2014ല്‍ അനധികൃത ലോട്ടറി സംബന്ധിച്ച് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ 196 കേസുകള്‍. 2016ല്‍ പത്താംമാസം വരെ 155 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നേരത്തെ കേരളാ ലോട്ടറിയ്ക്ക് ഭീഷണിയായിരുന്ന അന്യസംസ്ഥാന ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിച്ചതോടെ എഴുത്ത് ലോട്ടറി പോലെയുള്ള മാര്‍ഗങ്ങളിലേക്ക് മാഫിയകള്‍ തിരിഞ്ഞിരിക്കുകയാണ്. ചൂതാട്ട നിയമങ്ങള്‍ക്കൊപ്പം ഐ.പി.സി വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കാനുള്ള സാദ്ധ്യതകള്‍ ആരായും. ഇതിനായി ഐ.ജി ബെല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൊലിസ് സൈബര്‍ സെല്ലുമായി സഹകരിച്ച് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രത്യേക സോഫ്റ്റ് വെയര്‍ സംവിധാനമുള്‍പ്പെടെ ആധുനിക രീതിയിലാണ് മാഫിയയുടെ പ്രവര്‍ത്തനമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും ഫലം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പു തന്നെ ലോട്ടറി മാഫിയയുടെ കൈയില്‍ ഫലം എത്തിച്ചേരുന്നു. മൂന്നക്കങ്ങള്‍ എഴുതി നല്‍കുന്ന എഴുത്ത് ലോട്ടറി വഴി ക്രിക്കറ്റ് വാതുവയ്പ് പോലുള്ള ചൂതാട്ടമാണ് നടക്കുന്നത്.
സംസ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്ന ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അപരന്‍മാര്‍ വഴി സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഒറ്റനമ്പര്‍ ലോട്ടറിയുടെ പുതിയ രൂപമായ എഴുത്ത് ലോട്ടറി സംസ്ഥാന ലോട്ടറി വില്‍പ്പനയെ ഗുരുതരമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ട്ടിനുമായി ബന്ധമുള്ള കണ്ണൂരിലെ പഴയ പ്രമുഖ ഏജന്‍സിയാണ് എഴുത്തുലോട്ടറിയ്ക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.
ലോട്ടറി നറുക്കെടുപ്പ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വരുന്നതിന് മുന്‍പ് ടെലിവിഷന്‍ ചാനലുകള്‍ വഴി തല്‍സമയ സംപ്രേഷണം നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വ്യാജലോട്ടറി കേസില്‍പെട്ടാല്‍ ഏജന്റുമാരുടെ കേരളാ ലോട്ടറി ഏജന്‍സി റദ്ദു ചെയ്യും. ചെറുകിട വില്‍പ്പനക്കാര്‍ക്ക് ടിക്കറ്റെടുക്കാന്‍ കൂടുതല്‍ ഓഫിസുകള്‍ തുറക്കും. സമ്മാനഘടനയിലെ അപാകതകള്‍ പരിശോധിക്കാനും മുന്‍കാലങ്ങളിലേപ്പോലെ ചെറിയ സമ്മാനങ്ങള്‍ തിരിച്ചുകൊണ്ടുവരാനും നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."