ബിയര്‍ പാര്‍ലര്‍: ഒന്നിലേറെ കൗണ്ടറുകള്‍ക്ക് തടസമില്ലെന്ന് കോടതി
കൊച്ചി: ബിയര്‍ പാര്‍ലറുകളില്‍ ഒന്നിലേറെ കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിന് നിയമ തടസമില്ലെന്നും ഇത്തരത്തില്‍ അഡീഷനല്‍ കൗണ്ടറുകള്‍ തുറന്നതിന്റെ പേരില്‍ പാര്‍ലര്‍ ഉടമകള്‍ക്കെതിരേ നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബിയര്‍ പാര്‍ലറിനുള്ളില്‍ അഡീഷനല്‍ കൗണ്ടര്‍ തുറന്നതിനു കേസെടുത്തതു ചോദ്യം ചെയ്ത് മൂവാറ്റുപുഴയിലെ ജനത ടൂറിസ്റ്റ് ഹോം അധികൃതര്‍ നല്കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ചട്ടത്തില്‍ ഒന്നിലേറെ കൗണ്ടറുകള്‍ അനുവദിക്കാനാവില്ലെന്ന് പറയുന്നുണ്ടെങ്കിലും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള ചട്ടത്തില്‍ ഇത്തരമൊരു വ്യവസ്ഥ പറയുന്നില്ലെന്ന് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിയര്‍ പാര്‍ലറിനുള്ളില്‍ എവിടെയൊക്കെ ബിയര്‍ വിളമ്പാമെന്ന് ലൈസന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലേറെ കൗണ്ടറുകളോ സര്‍വിസ് ഡെസ്ക്കുകളോ പാടില്ലെന്ന് പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ലറുകളില്‍ ഒന്നിലേറെ കൗണ്ടറുകള്‍ ഉണ്ടെന്നത് നിയമ വിരുദ്ധമല്ലെന്നും ഉത്തരവില്‍ പറയുന്നു.
ഭാവിയില്‍ ഇതിനു മാറ്റം വരുത്താന്‍ സര്‍ക്കാരിന് ചട്ടം ഭേദഗതി വരുത്താമെന്നും അതിന് ഉത്തരവു തടസമല്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."