വിടപറഞ്ഞതു മലയാളത്തിന്റെ അക്ഷരചൈതന്യം
പയ്യന്നൂര്‍: മലയാള കാവ്യമണ്ഡലത്തില്‍ ദിശാ മാറ്റത്തിന്റെ പുതിയ താരോദയങ്ങള്‍ക്കു വഴിതുറന്ന എഴുപതുകളില്‍ തന്റേതായ പാതയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കവി പ്രതിഭയായിരുന്നു മണ്‍മറഞ്ഞ മേലത്ത് ചന്ദ്രശേഖരന്‍. ദ്രാവിഡത്തിന്റെ കരുത്തും പൗരുഷം വിളംബരം ചെയ്യുന്ന വാക്കുകളുമായി അസ്ഥിത്വ ദു:ഖം ബാധിച്ച യുവത്വങ്ങളെ പുതിയ സൂര്യോദയത്തിലേക്കു വിളിച്ചുണര്‍ത്താന്‍ തന്റെ കവിതാ രചനയിലൂടെ സമൂഹത്തിന് ഏറെ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. കവി, വാഗ്മി, അധ്യാപകന്‍, എഴുത്തുകാരന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം നിറഞ്ഞു നിന്നു. കവിതകള്‍ക്കു പുറമെ തന്റെ മഹത്തായ സൃഷ്ടികളിലൂടെ നിരൂപണ രംഗത്തും അക്ഷരകൈരളിക്കു മുതല്‍കൂട്ടായ നിരവധി പുസ്തകങ്ങള്‍ മേലത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. വൈലോപ്പിള്ളി കവിത, കുഞ്ഞിരാമ കവിത തുടങ്ങി പന്ത്രണ്ടില്‍ പരം നിരൂപണങ്ങള്‍ സാഹിത്യ കൈരളിക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സൃഷ്ടികള്‍ സമ്മാനിച്ച മേലത്ത് ചന്ദ്രശേഖരനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു. 1958ല്‍ സൂര്യജന്യം എന്ന പുസ്തകത്തിലൂടെ സാഹിത്യരംഗത്ത് തുടക്കമിട്ട മേലത്തിന്റെതായി ശ്രീചക്ര ഗീത, അപൂര്‍ണം, മധ്യാഹ്ന സ്വപ്‌നങ്ങള്‍, ഡയറി കുറിപ്പുകള്‍, അമൃതോസ്മി, അമൃത കല, ആത്മ പുരാണം എന്നിങ്ങനെ ആറു കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതോടൊപ്പം നിരൂപണങ്ങളും അന്വേഷണം, രതി രാക്ഷസം എന്നീ നോവലുകളുമടക്കം 24 ഗ്രന്ഥങ്ങളും അദ്ദേഹം സാഹിത്യ കേരളത്തിന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."