ചെറുവത്തൂരിലെ അനധികൃത കൂടാരം രണ്ടാഴ്ചയ്ക്കകം പൊളിച്ചു മാറ്റണം
ചെറുവത്തൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിലെ അനധികൃത കൂടാരം പൊളിച്ചു മാറ്റാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണു തീരുമാനമുണ്ടായത്. ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ സി.ഐ.ടി.യു വിഭാഗം ചുമട്ടു തൊഴിലാളികളാണ് അനുമതിയില്ലാതെ കൂടാരം നിര്‍മിച്ചത്. ഇതു പൊളിച്ചു മാറ്റാന്‍ നടപടിയുണ്ടാകണമെന്നു ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സജീവന് മടിവയല്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് കൂടാരവുമായി ബന്ധപ്പെട്ടു നിയമാനുസൃത നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം തദ്ദേശ ഭരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ഭരണസമിതി യോഗത്തില്‍ ചര്‍ച്ചയായത്. കൂടാരം പതിനാലു ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ചുമട്ടു തൊഴിലാളി യൂനിയനു ഉടന്‍ നോട്ടിസ് നല്‍കും. പൊളിച്ചു മാറ്റുന്നില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും.
ഇതിനിടയില്‍ പഞ്ചായത്ത് അനുമതിയോടെയാണ് കൂടാരം നിര്‍മിച്ചതെന്ന് ചുമട്ടു തൊഴിലാളി യൂനിയന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭരണസമിതി തീരുമാനത്തോടെ ഈ വാദം അപ്രസക്തമായി. സെപ്റ്റംബര്‍ ഒന്നിനു മന്ത്രി കെ.ടി ജലീല്‍ തുറന്നു കൊടുത്ത ബസ് സ്റ്റാന്‍ഡില്‍ 18 നു രാത്രിയിലാണു കൂടാരം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."