ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്
മൊഹാലി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്നു മൊഹാലിയില്‍ അരങ്ങേറും. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യയെ രണ്ടാം മത്സരത്തില്‍ ആറു റണ്‍സിനു കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കിവികള്‍ ഇന്നിറങ്ങുന്നത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1നു ഒപ്പം നില്‍ക്കുന്നു.
രണ്ടാം മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പിടിപ്പുകേടാണ് തോല്‍വിക്ക് കാരണമായതെന്നു ധോണി വ്യക്തമാക്കിയിരുന്നു. പുറത്തിരിക്കുന്ന സുരേഷ റെയ്‌ന കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. അതിനാല്‍ കേദാര്‍ ജാദവ് ടീമിലെ സ്ഥാനം ഇത്തവണയും നിലനിര്‍ത്തും. ബാറ്റിങ് നിരയില്‍ അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവര്‍ക്കും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബാറ്റിങ് നിര അസ്ഥിരമായി നില്‍ക്കുമ്പോഴും ഇന്ത്യയുടെ ബൗളിങ് പട മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പേസ്, സ്പിന്‍ വിഭാഗങ്ങള്‍ മികച്ച ഫോമില്‍ നില്‍ക്കുന്നതാണ് ഇന്ത്യക്ക് ആശ്വാസം.
മറുഭാഗത്ത് ടെസ്റ്റ് മത്സരങ്ങളില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെട്ട് ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങി നിരാശയിലായ ന്യൂസിലന്‍ഡ് ടീമിനു ലഭിച്ച ജീവശ്വാസമായിരുന്നു രണ്ടാം മത്സരത്തിലെ വിജയം. കെയ്ന്‍ വില്ല്യംസന്‍ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയതാണ് അവര്‍ക്ക് ആശ്വാസമാകുന്നത്. ടിം സൗത്തി ബൗളിങില്‍ മികച്ച പ്രകടനം നടത്തിയതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. അതേസമയം ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് അവരെ കുഴയ്ക്കുന്നത്. മധ്യനിരയില്‍ റോസ് ടെയ്‌ലര്‍ രണ്ടാം മത്സരത്തില്‍ മികവിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വെറ്ററന്‍ താരത്തില്‍ നിന്നു കൂടുതല്‍ കിവികള്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും. കിവി നിരയില്‍ ജെയിംസ് നീഷം, ഡേവ്‌റിച്ച് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. പകലും രാത്രിയുമായാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."