ഛത്തിസ്ഗഡില്‍ 160 വീടുകള്‍ അഗ്നിക്കിരയാക്കിയത് മാവോയിസ്റ്റുകളല്ല: സൈനികര്‍
ന്യൂഡല്‍ഹി: 2011ല്‍ ചത്തിസ്ഗഡില്‍ സാധാരണക്കാരുടെ 160ഓളം വീടുകള്‍ അഗ്നിക്കിരയാക്കിയത് മാവോയിസ്റ്റുകള്‍ അല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്.
സുഖ്മ ജില്ലയിലെ താദ്‌മെത്‌ലയില്‍ സാധാരണക്കാരുടെ വീടുകള്‍ അഗ്നിക്കിരയാക്കിയത് സൈനികരാണെന്നും ഇതുസംബന്ധിച്ച് അന്വേഷിച്ച സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് റായ്പൂരിലെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംഭവത്തിനു പിന്നില്‍ പൊലിസിനും മാവോയിസ്റ്റ് വിരുദ്ധ ഭൂവുടമകളുടെ സായുധസേനയായ സാല്‍വജുദൂമും ആണെന്ന് വ്യക്തമാക്കുന്നത്. സുപ്രിംകോടതിയിലെ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ പ്രത്യേക ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ഏഴു പൊലിസുകാര്‍ക്കെതിരേ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തതായും 323 പോലിസുകാര്‍ക്കും 95 സി.ആര്‍.പി.എഫ് ഭടന്മാര്‍ക്കും ഇതില്‍ പങ്കുള്ളതായി തെളിവുലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.
2011 മാര്‍ച്ച് 11നും 16നും ഇടയില്‍ മോര്‍പ്പള്ളി, താദ്‌മെത്‌ല, തിമ്മപുരം എന്നീ ഗ്രാമങ്ങളില്‍ മൊത്തം 250ലേറെ വീടുകളാണ് സുരക്ഷാസൈന്യവും സല്‍വാജുദൂമും അഗ്നിക്കിരയാക്കിയത്.
മൂന്നുപേരെ കൊലപ്പെടുത്തുകയും മൂന്ന് സ്ത്രീകളെ പൊലിസും സാല്‍വാജുദൂമും ചേര്‍ന്നു കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുംചെയ്തിരുന്നു. സംഭവത്തിനു പിന്നില്‍ പൊലിസും സാല്‍വാജുദൂമും ആണെന്നും മാവോയിസ്റ്റുകള്‍ക്കെതിരേ ജനങ്ങളുടെ വികാരം ഇളക്കിവിടുന്നതിന് അവര്‍ തന്നെയാണ് വീടുകള്‍ അഗ്നിക്കിരയാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തക നന്ദിനി സുന്ദര്‍ സമര്‍പ്പിച്ച ഹരജിയില്‍ സംഭവം അന്വേഷിക്കാന്‍ സി.ബി.ഐക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷിച്ച സി.ബി.ഐ ഇക്കാര്യത്തില്‍ റായ്പൂരിലെ പ്രത്യേക കോടതിയില്‍ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്.
സംഭവം നടന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷം താദ്‌മെത്‌ല ഗ്രാമീണരെ ആശ്വസിപ്പിക്കാന്‍ എത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 26 സാല്‍വാ ജുദും പ്രവര്‍ത്തകര്‍ക്കെതിരേ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. പ്രതികളെല്ലാവരും പ്രാദേശിക കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ സഹായികളാണ്.
മാവോയിസ്റ്റുകള്‍ക്കെതിരായ ജനകീയ പ്രതിരോധ സംഘം എന്ന നിലയില്‍ രൂപം കൊണ്ട ഭൂവുടമകള്‍ രൂപീകരിച്ച കുപ്രസിദ്ധ ഗുണ്ടാ സംഘമായ സാല്‍വാ ജുദൂമിനെ 2011ല്‍ സുപ്രിംകോടതി നിരോധിച്ചിരുന്നു. കൂട്ടബലാല്‍സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ തെളിയാനുണ്ടെങ്കിലും സുരക്ഷാ സൈനികരുടെ നുണകള്‍ പൊളിഞ്ഞതായും സ്വാമി അഗ്‌നിവേശും നന്ദിനി സുന്ദറും പറഞ്ഞു.
അതേസമയം, സി.ബി.ഐ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഛത്തിസ്ഗഡ് പൊലിസ് മേധാവി എസ്.ആര്‍.പി കല്ലൂരി തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."