ഇടതുസര്‍ക്കാര്‍ വികലമായ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍
തൃശൂര്‍: വിദ്യാഭ്യാസരംഗത്ത് വികലമായ നയങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നാലാമത് ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. തങ്ങളടക്കമുള്ള മുസ്ലിംലീഗ് നേതാക്കളുടെ പ്രവര്‍ത്തന ഫലമായി കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ അതെല്ലാം വികലമാക്കുന്ന നയമാണ് അധികാരത്തിലേറ്റ പുതിയ ഇടതുസര്‍ക്കാര്‍ കൈകൊള്ളുന്നത്. വിദ്യാഭ്യാസ രംഗത്ത് കേരളം കുതിച്ചുയര്‍ന്നത് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാല്‍നൂറ്റാണ്ടോളം മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന കാലത്താണെന്ന് തങ്ങള്‍ എന്ന മഹാവിദ്യാലയമെന്ന മാനവീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി പറഞ്ഞു.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. വിദ്യാഭ്യാസ- സാന്ത്വന മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങള്‍ക്കുള്ള പുരസ്കാരം കൊണ്ടോട്ടി ബിസ്മി ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ബഷീര്‍, വില്യാപ്പിള്ളി എം.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി അംറ ദില്‍ഷ, അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.പി ശ്രീധരന്, പി.എ സീതിമാസ്റ്റര്‍ എന്നിവര്‍ക്ക് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി സമദാനി പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ തുടങ്ങിയവര്‍ സമ്മാനിച്ചു. പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്, കെ.എസ്.ടി.യു ഭാരവാഹികളായ അബ്ദുള്ള, പി.കെ.എം ശഹീദ്, ബഷീര്‍, ഹമീദ് കൊമ്പത്ത്, പി.കെ ഹംസ, ഇ. മുസ്തഫ, പി.കെ അസീസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ മൂസ്സ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."