വീട്ടമ്മക്ക് പട്ടയം നല്‍കിയില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസറെ ഉപരോധിച്ചു
നിലമ്പൂര്‍: വീട്ടമ്മക്ക് പട്ടയം നല്കാന് അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ വില്ലേജ് ഓഫിസറെ ഉപരോധിച്ചു. ചേലശ്ശേരിക്കുന്നിലെ പറമ്പാടന്‍ വിലാസിനിക്കാണ് വില്ലേജ് ഓഫിസര്‍ പട്ടയം കിട്ടുന്നതിനുള്ള നടപടി വൈകിപ്പിക്കുന്നതായി ആരോപണമുള്ളത്. സമരത്തെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. വിലാസിനി നല്കുന്ന അപേക്ഷയിന്മേല് പട്ടയം നല്കാന് കഴിയാത്തതിനുള്ള കാരണങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് സമരക്കാര്‍ ശഠിച്ചതോടെ എഴുതി തരാന്‍ തയാറാണെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത് .പാലോളി മെഹബൂബ്, ഷാജഹാന് പായമ്പാടം, മൂര്‍ഖന്‍ മാനു, പി.വി ഷിബു, റിഷാദ് വരമ്പന്‍പൊട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
അതേസമയം പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ചുമതലയേറ്റ തനിക്ക് വീട്ടമ്മ അപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്ന് വില്ലേജ് ഓഫിസര്‍ പി.ബി അല്ലി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്റെ മേലുദ്യോഗസ്ഥര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് വിലാസിനി അവകാശപ്പെടുന്ന ഭൂമി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പട്ടയം അനുവദിക്കുന്നതിനുള്ള ഭൂമി സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. മതിയായ രേഖകളില്ലാതെ പട്ടയം നല്‍കാനോ നല്ക്കുന്നതിന് മേലുദ്യോഗസ്ഥര്‍ക്ക് ശിപാര്‍ശ ചെയ്യാനോ തനിക്ക് കഴിയില്ല. ഇവര്‍ക്ക് പട്ടയം നല്ക്കാന് വേണ്ടി തന്റെ മേലില്‍ സമര്‍ദ്ദം ചെലുത്തുകയാണെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."