പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തില്‍ പൂജാരികളെ നിയമിക്കണം: കെ.ടി ജലീല്‍
മലപ്പുറം: ക്ഷേത്രങ്ങളില്‍ പൂജാരികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിന് പാണ്ഡിത്യം മാത്രം മാനദണ്ഡമാക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍. നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ മതവിശ്വാസങ്ങളുടെ പിന്‍ബലം പറ്റിയുള്ള അനാചാരങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുയരണമെന്നും സവര്‍ണ ജാതിക്കാരെ മാത്രം പൂജാരികളാക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജാതിക്കെതിരെയുള്ള പോരാട്ടം വിദ്യാലയങ്ങളില്‍ നിന്ന് ഉയര്‍ന്നുവരണം. കീഴാളര്‍ മുന്നോട്ട് വരുന്നത് അവരുടെ അവകാശമാണ്. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് വിളംബര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മോയിന്‍ കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ചെയര്മാന് ടി.കെ. ഹംസ വിളംബരദീപം തെളിയിച്ചു. സാസ്കാരിക സദസ്സിന്റെ ഭാഗമായി രാവിലെ എം.എസ്.പി. സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച വിളംബര യാത്രയില്‍ വിദ്യാര്‍ഥികളടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധ-ചിത്ര രചനാ മല്‍സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."