റേഷന്‍ കാര്‍ഡ് കരടു പട്ടിക പുറത്തു വന്നതോടെ പരാതിക്കാരുടെ പ്രളയം
തളിപ്പറമ്പ് : റേഷന്‍ കാര്‍ഡ് കരട് പട്ടിക പുറത്തുവന്നതോടെ പരാതിക്കാരുടെ സൗകര്യാര്‍ഥം തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്റെ നടുത്തളത്തില്‍ ഒരുക്കിയ കൗണ്ടറുകളില്‍ പരാതിക്കാരുടെ പ്രളയം.
മലയോരമേഖലകളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ഒഴുകിയെത്തിയത്. പ്രത്യേക പന്തലും കുടിവെള്ളത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.
പരാതികളിന്‍മേലുള്ള വെരിഫിക്കേഷന്‍ കമ്മിറ്റിയുടെ ഹിയറിങ് 31 മുതല്‍ അതതു പഞ്ചായത്തുകളില്‍ നടക്കുമെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പരാതികളിന്‍മേല്‍ തീര്‍പ്പു കല്‍പിക്കുന്നത്.
പഞ്ചായത്തുകളില്‍ നിന്ന് ആയിരം സ്‌ക്വയര്‍ഫീറ്റിനു മുകളിലുള്ള വീടുകള്‍ക്കു കരം അടക്കുന്ന കുടുംബങ്ങളുടെ ലിസ്റ്റും വില്ലേജ് ഓഫിസുകളില്‍ നിന്ന് ഒരേക്കറിനു മുകളില്‍ വസ്തുകരം അടയ്ക്കുന്നവരുടെ ലിസ്റ്റും മറ്റു സാമൂഹിക വിഷയങ്ങളില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുക. ആതിനാല്‍ ഈ വിഭാഗത്തില്‍ പെട്ട ആരെങ്കിലും ഇനിയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കുവാന്‍ അപേക്ഷ നല്‍കേണ്ടതാണ്.
മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പരിശോധിച്ച് മാനദണ്ഡങ്ങള്‍അനുസരിച്ചുള്ള അര്‍ഹതപ്പെട്ട മാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം ആയത് ലഭിച്ചില്ലെങ്കില്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതി.
റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ കമ്മറ്റി അംഗങ്ങളുടെ രണ്ടാംഘട്ട പരിശീലനം 24 ന് രാവിലെ 10 മുതല്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് സപ്ലൈഓഫീസില്‍ വെച്ച് നടക്കുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."