ജില്ലയില്‍ മൂന്നിടത്തും എല്‍.ഡി.എഫ്
കയ്പമംഗലം ദേശമംഗലം: ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു ജില്ലാ ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനില്‍ എല്‍.ഡി.എഫ് സീറ്റ് നില നിര്‍ത്തി. സി.പി.ഐ യിലെ ബി.ജി വിഷ്ണു 6880 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയിച്ചു. പോസ്റ്റല്‍ വോട്ടുകളടക്കം 43020 വോട്ടുകളാണ് ഡിവിഷനില്‍ പോള്‍ ചെയതത്. ബി.ജി.വിഷ്ണു 21514 വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് ഒ.എസ് നഫീസ 14634 വോട്ടുകളും നേടി. ബി.ജെ.പി സ്ഥാനാര്‍ഥി അജയഘോഷിന് 5950 വോട്ടുകള്‍ ലഭിച്ചു.
പി.ഡി.പി.സ്ഥാനാര്‍ഥി കെ.കെ അബ്ബാസ് 5950 വോട്ടുകളും, വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി റഷീദ് പൊന്നാത്തിന് 527 വോട്ടുകളും നേടി. പോളിങ് ശതമാനം കുറഞ്ഞപ്പോള്‍ തന്നെ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുമെന്ന ചിന്തയിലായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷകളെയും കാറ്റില്‍ പറത്തി വിഷ്ണു തന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു.
വിഷ്ണു സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ നവമാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷ്പ്രഭമാക്കിയാണ് വിഷ്ണു തന്റെ വിജയം കൈപിടിയിലൊതുക്കിയത്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന അന്‍പത്തിയൊന്‍പത് വാര്‍ഡുകളാണ് ഡിവിഷനിലുണ്ടായിരുന്നത്. എടത്തിരുത്തിയില്‍ നിന്ന് വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കായിരുന്നു ലീഡ്. അഞ്ച് റൗണ്ട് എണ്ണിത്തീരുവോളം യു.ഡി.എഫ് സ്ഥാനാര്‍ഥി ലീഡ് നിലനിര്‍ത്തിയിരുന്നു. പിന്നീടാണ് ലീഡ് വിഷ്ണുവിലേക്ക് മാറിയത്. തുടര്‍ന്നങ്ങോട്ട് വിഷ്ണുവിന്റെ ലീഡ് അവസാനം വരെ നിലനില്‍ക്കുകയായിരുന്നു. അപ്പോഴേക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ടെണ്ണുന്ന മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്‍പില്‍ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പല്ലൂര്‍ഈസ്റ്റ്, വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഞമനങ്ങാട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു.
യു.ആര്‍ പ്രദീപ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ദേശമംഗലം പല്ലൂര്‍ ഈസ്റ്റ് വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ഡി.വൈ.എഫ്.ഐ ചേലക്കര ഏരിയാ പ്രസിഡന്റ് കെ.ജയരാജ് യു.ഡി.എഫിലെ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് കെ.പ്രേമനെ 11 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
കെ.ജയരാജന്‍ 567 വോട്ടും, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ.പ്രേമന്‍ 556 വോട്ടുകളുംനേടി. ബി.ജെ.പി സ്ഥാനാര്‍ഥി രാജീവിന് 29 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കെ.പ്രേമന്‍ തന്നെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. അന്ന് 37 വോട്ടുകള്‍ക്കാണ് പ്രേമന്‍ യു.ആര്‍ പ്രദീപിനോട് പരാജയപ്പെട്ടത്. ദേശമംഗലത്ത് ഇടത് മുന്നണി ആഹ്ലാദ പ്രകടനം നടത്തി. യു.ആര്‍ പ്രദീപ് എം.എല്‍.എ, കെ.എസ് ദിലീപ്, കെ.കെ മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടക്കേക്കാട് ഞമനങ്ങാട് സി.പി.ഐ സ്ഥാനാര്‍ഥി സിന്ധുരാജു 27 വോട്ടുകള്‍ക്ക് വിജയിച്ചു. സിന്ധുരാജ് 556 വോട്ടുകളും, യു.ഡി.എഫ് സ്ഥാനാര്‍ഥി ഷോബി സത്യന്‍ 529 വോട്ടുകളും നേടി. ബി.ജെ.പി.സ്ഥാനാര്‍ഥി അഞ്ജു 78 വോട്ടുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."