റീ സര്‍വേ:പരാതി പരിഹാരത്തിന് കര്‍മ പദ്ധതി
തിരുവനന്തപുരം: ജില്ലയിലെ റീ സര്‍വേ പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രത്യേത കര്‍മ പദ്ധതി രൂപീകരിച്ചതായി എ.ഡി.എം ജോണ്‍ വി. സാമുവല്‍ ജില്ലാ വികസനസമിതിയോഗത്തില്‍ അറിയിച്ചു.
വിവിധ താലൂക്കുകളിലെ പരാതികള്‍ ക്രോഡീകരിച്ച് പരിശോധിച്ചതില്‍ റീ സര്‍വേ സംബന്ധിച്ച 27910 പരാതികളാണ് കണ്ടെത്തിയത്. ഇതില്‍ പേരുമാറ്റം സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് അതത് വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഭൂ പരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ .രഘുപതി അറിയിച്ചു.
സര്‍വേയര്‍മാരുടെ കുറവാണ് കാലതാമസത്തിനിടവരുത്തിയതെന്നും സര്‍വേയറുടെ സേവനം ആവശ്യമില്ലാത്ത പരാതികളില്‍ അടുത്ത രണ്ടാഴ്ചക്കകം തന്നെ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച ഡി.കെ മുരളി എം.എല്‍.എയുടെ അന്വേഷണത്തിന് അദ്ദേഹം മറുപടി നല്‍കി.നഗരത്തിലെ അറവുശാലകളിലെ മാലിന്യം ശേഖരിക്കുന്ന അനധികൃത ഏജന്‍സികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് പരിസരത്തുള്‍പ്പെടെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ പരസ്യമായി കത്തിക്കുന്നതിനെതിരെ നടപടി സ്വീകരിച്ച് അറിയിക്കണമെന്ന് എ.ഡി.എം കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ശശി തരൂര്‍ എം.പിയുടെ പ്രതിനിധിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
പള്ളിപ്പുറം ജങ്ഷനില്‍ അപകടമരണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ട്രാഫിക് സിസ്റ്റവും സ്പീഡ് ബ്രേക്കറും സ്ഥാപിക്കുന്നതടക്കമുള്ള നടപടി വേഗത്തിലാക്കണം. ഇതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്നും യോഗത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വെഞ്ഞാറമൂടിലെ ട്രാഫിക് ബ്‌ളോക്കും തിരക്കും കുറയ്ക്കുന്നതിന് ഒരു വശത്ത് മാത്രം പാര്‍ക്കിംഗ് രീതി നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.
യോഗത്തില്‍ ഡി.കെ മുരളി എം.എല്‍.എ, പ്‌ളാനിങ് ഓഫിസര്‍ വി.എസ് ബിജു, എം. എല്‍.എ മാരുടെയും എം.പി മാരുടെയും പ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."